സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് എഴുതിയ ”സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയ്ക്കെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. പുസ്തകം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രാഥമിക വിലയിരുത്തലിൽ ബോധ്യപ്പെട്ടതായി ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പുസ്തകത്തിലെ പല അധ്യായങ്ങളും ഒഫീഷ്യൽ സീക്രട്ട് ലംഘനം നടത്തിയതായി സംശയിക്കുന്നു. പുസ്തകത്തിൽ എത്രത്തോളം സർവീസ് ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് പ്രത്യേക സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഒൗദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ പുസ്ത കരചന നടത്താൻ പാടില്ല. ഇത് നിലവിലെ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് പറയുന്നു.നേരത്തെ പുസ്തക രചന ചട്ടപ്രകാരമല്ലെന്ന നിയമോപദേശത്തെത്തുടർന്നു പുസ്തകം പ്രകാശിപ്പിക്കുന്നതിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയിരുന്നു.
മാത്രമല്ല സർവീസ് ചട്ടങ്ങൾ ലംഘിച്ചാണു ജേക്കബ് തോമസിന്റെ പുസ്തക രചനയെന്നു ചൂണ്ടിക്കാട്ടി കെ.സി.ജോസഫ് എംഎൽഎ കഴിഞ്ഞ ദിവസം രാവിലെ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ നിയമസെക്രട്ടറിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രകാശനം നിശ്ചയിച്ച ദിവസം പ്രസ് ക്ലബ് ഹാളിൽ പ്രകാശനമില്ലാതെ തന്നെ പുസ്തകങ്ങളുടെ വിൽപന നടത്തിയിരുന്നു. പുസ്തകം ഓൺലൈനിലും ഇപ്പോൾ ലഭ്യമാണ്.