വ്യത്യസ്തമായ ഒരു ടൂറിസ്റ്റു കേന്ദ്രമാണ്, കാനഡയിലെ മനിറ്റോബയിലുള്ള നാര്‍സിസ് സ്നേക്ക് ഡെന്‍സ്. പാമ്പുകളെ പേടിയുള്ളവര്‍ അങ്ങോട്ടേയ്ക്ക് പോകണമെന്നില്ല. കാരണം അവിടെ ചെന്നുകഴിയുമ്പോള്‍ പാമ്പുപേടിയുള്ളവര് ചിലപ്പോള്‍ ബോധം കെട്ട് വീണെന്നൊക്കെ വരും. കാരണം ഒന്നോ രണ്ടോ പാമ്പുകളല്ല ഇവിടെയുള്ളത്. മറിച്ച്, ആയിരക്കണക്കിനെണ്ണമാണ്, കൂട്ടംകൂടി വളഞ്ഞുപുളഞ്ഞു കിടക്കുന്നത്. അവയ്ക്കിടയിലൂടെ നടക്കുകയോ കിടക്കുകയോ അവയെ ദേഹത്ത് കോരിയിടുകയോ കൈയ്യില്‍ എടുക്കുകയോ ഒക്കെ ചെയ്യാം. ഒരൊറ്റ ഗ്രാരന്റിയുണ്ട്, അവ കടിക്കില്ല. കടിച്ചാല്‍ തന്നെ വിഷമേല്‍ക്കില്ല. കടിക്കില്ല എന്നു പറഞ്ഞതിന്റെ പ്രധാന കാരണം ഇതാണ്, അവ ഒരു പ്രത്യേക ദൗത്യത്തിലാണ്. അതുകൊണ്ട് നിങ്ങളെ ശ്രദ്ധിക്കാന്‍പോലും അവയ്ക്ക് സമയമില്ല.
കറുത്ത ശരീരത്തില്‍ ചുവപ്പും മഞ്ഞയും വരകളുള്ള റെഡ് സൈഡഡ് ഗാര്‍ട്ടര്‍ ന്നെയിനം പാമ്പുകളെയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഏപ്രില്‍ അവസാനം മുതല്‍ മേയ് അവസാനം വരെ ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഈ ‘പാമ്പ് സമുദ്ര’മാണ്. സെപ്റ്റംബറിലും കാണാം ഈ പ്രതിഭാസം. ഏതാനും വര്‍ഷം മുന്‍പ് ഒരു സീസണില്‍ അധികൃതര്‍ നടത്തിയ കണക്കെടുപ്പില്‍ എഴുപത്തിയയ്യായിരത്തിലേറെ പാമ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്. മനുഷ്യനെ കൊല്ലാവുന്നത്ര വിഷം ഈ പാമ്പുകള്‍ക്കില്ല. കടിച്ചാല്‍ത്തന്നെ വിഷത്തേക്കാളേറെ അവയുടെ പശിമയുള്ള ഉമിനീര് കടത്തിവിടുന്ന വിധത്തിലാണ് പല്ലിന്റെ സ്ഥാനവും! ലോകത്തില്‍ ഏറ്റവുമധികം പാമ്പുകള്‍ സംഗമിക്കുന്ന കേന്ദ്രം എന്ന റെക്കോര്‍ഡും നാര്‍സിസിനാണ്. ഇണചേരുന്നതിനാണ് ഇവ ഇത്തരത്തില്‍ ഒത്തു ചേരുന്നത്. ഇപ്പോള്‍ മനസിലായില്ലേ എന്തുകൊണ്ടാണ് പാമ്പുകള്‍ക്ക് കടിക്കാന്‍ നേരമില്ലാത്തത് എന്ന്. വസന്തകാലത്തിന്റെ ആരംഭത്തിലാണിത്.
കാനഡയിലെ കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രത്താല്‍ ചുറ്റപ്പെട്ട പ്രദേശമായിരുന്നു മനിറ്റോബ എന്നാണ് ഗവേഷകര്‍ പറയുന്നത്. സമുദ്രം പിന്‍വാങ്ങിയെങ്കിലും അന്നുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകള്‍ ഇന്നും ഭൂമിക്കടിയിലുണ്ട്. പതിനായിരക്കണക്കിനു വരുന്ന പാമ്പുകള്‍ക്കാകട്ടെ മഞ്ഞുകാലത്ത് കഴിയാന്‍ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്. ആണുങ്ങളേക്കാള്‍ വലുപ്പം കൂടുതലാണ് പെണ് ഗാര്‍ട്ടറുകള്‍ക്ക്. ഇവ ഒരു തരം ഫിറോമോണ്‍ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആണ്പാമ്പുകള് അടുക്കുന്നത്. ഒരു പെണ്‍പാമ്പിനടുത്തെത്തുക അന്‍പതിലേറെ ആണ്‍പാമ്പുകളാണ്. അതിനാല്‍ത്തന്നെ അവ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും.
ഇണചേരുന്നതിനിടെ ശരാശരി 300 ആണ്‍പാമ്പെങ്കിലും ശ്വാസംമുട്ടി മരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറിയ പാമ്പുകള്‍ക്കാണ് ഇണചേരലിനിടയില്‍ അകാലചരമം ഉണ്ടാവുന്നത്. 80 ശതമാനം വരുന്ന ഗാര്‍ട്ടര്‍ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇണചേരല്‍ കാലം ഗാര്‍ട്ടര്‍ പാമ്പുകളുടെ ജീവനെടുക്കല്‍ കാലമെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ബീജം വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ പെണ്‍പാമ്പുകള്‍ക്കാകും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണു പതിവ്. ഒറ്റ പ്രസവത്തില്‍ത്തന്നെ അന്‍പതോളം കുഞ്ഞുങ്ങളുമുണ്ടാകും. ടൂറിസം വരുമാനമുണ്ടാക്കിത്തരുന്നതിനാല്‍ ഗാര്‍ട്ടര്‍ പാമ്പുകളുടെ ഇണചേരലിനെ സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികളാണ് ഇവിടുത്തെ അന്തരീക്ഷം ശരിക്കും ആസ്വദിക്കുന്നതെന്നും മുതിര്‍ന്നവര്‍ സാധാരണ പേടിച്ചേടുന്നതായാണ് കാണാറെന്നും അധികൃതര്‍ പറയുന്നു.