നേമം : മകളുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകി. പേയാട് തുരുത്തുംമൂല കാട്ടുവിള ചരുവിളാകത്ത് വീട്ടിൽ ചന്ദ്രനാണ് നേമം പോലീസിൽ പരാതി നൽകിയത്. മകൾ സിമി (32) നെയാണ് ഭർത്താവ് സന്തോഷ്കുമാറിന്റെ വെള്ളായണി വള്ളംകോട് കല്ലുവിള വീട്ടിൽ ഈ മാസം 17 ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സന്തോഷ്കുമാർ അറിയിച്ചതനുസരിച്ച് വീട്ടിലെത്തിയ സിമിയുടെ ബന്ധുക്കൾക്ക് ടിപ്പോയിൽ ഇരിക്കുന്ന രീതിയിൽ കാലുകൾ നിലത്തുന്നി സാരിയിൽ തൂങ്ങിയ നിലയിലാണ് സിമിയെ കാണാൻ കഴിഞ്ഞതെന്നും മുഖത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. എട്ട് വർഷം മുന്പാണ് ഇവരുടെ വിവാഹം നടന്നത്. ഏഴ് വയസുള്ള ഒരു മകനുമുണ്ട്.
പല തവണ പണം ആവശ്യപ്പെട്ട് സന്തോഷ്കുമാർ മകളെ ഉപദ്രവിക്കാറുണ്ടന്നും മരണത്തിനു നാലുദിവസം മുന്പ് സിമിയും സന്തോഷ്കുമാറും മകനുമൊത്ത് വിനോദയാത്രയ്ക്ക് പോയതായും അവിടെ ഒരു ഹോട്ടലിൽ വച്ച് സിമിയെ മർദിച്ചതായും പരാതിയിൽ പറയുന്നു. മകളുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി, സിറ്റി പോലീസ് കമ്മീഷണർ, ഫോർട്ട് എ.സി എന്നിവർക്കും സിമിയുടെ അച്ഛൻ പരാതി നൽകിയത്. തർക്കങ്ങൾ കാരണം സിമിയുടെ മൃതദേഹം അന്ന് സബ് കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പോസ്റ്റുമോർട്ടത്തിനു ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തത്.