രോഗിയെയും കൊണ്ട് അതിവേഗം ചീറിപ്പാഞ്ഞ ആംബുലന്‍സിന് വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാവാഹനവ്യൂഹങ്ങള്‍ റോഡിന് വശത്തേക്ക് ഒതുക്കിയാണ് ആംബുലന്‍സിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വഴിതുറന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു സംഭവം. ആഫ്രിക്കന്‍ ഡെവലപ്പ് മെന്റ് ബാങ്കിന്റെ 52-മത് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും. അതിവേഗം അടുത്ത പരിപാടിക്ക് കുതിക്കുന്നതിനിടെയാണ് ഗാന്ധിനഗര്‍ അഹമ്മദാബാദ് റോഡില്‍ ആംബുലന്‍സ് ശ്രദ്ധയില്‍പ്പെട്ടത്.
സുരക്ഷാ മാനദണ്ഡങ്ങളെ മറികടന്ന് വാഹനം റോഡിന് വശത്ത് നിറുത്തിയിടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി. എല്ലാ അകമ്പടി വാഹനങ്ങളും നിര്‍ത്തിയശേഷം ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു. ആംബുലന്‍സ് കൃത്യമായി കടന്നുപോയെന്ന് ഉറപ്പാക്കിയശേഷമാണ് പ്രധാനമന്ത്രി യാത്ര തുടര്‍ന്നത്.
സംഭവം പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വിഐപി സംസ്കാരത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ കാറുകളില്‍നിന്ന് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്ന ഉത്തരവ് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.