റിയോ ഡി ഷാനെറോ: ബ്രസീലിയന്‍ ഫുട്ബോളിലെ അദ്ഭുത ബാലന് വിനീഷ്യസ് ജൂണിയര്‍ ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡിനു സ്വന്തം. കേവലം 16 വയസുള്ള വിനീഷ്യസ് മൂന്നു കോടി 80 ലക്ഷം പൗണ്ടിനാണ് (ഏകദേശം 318 കോടി രൂപ) ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളെമംഗോയുടെ ജൂണിയര്‍ ടീമില്‍നിന്ന് റയലിലെത്തുന്നത്. എന്നാല്‍, 18 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ വിനീഷ്യസിനു റയലിനൊപ്പം ചേരാനാകൂ. അതായത് 2018 ജൂലൈയില്‍ മാത്രം.
കാല്പന്തുകളിയില് ധാരാളം പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള ബ്രസീലില്‍നിന്നുള്ള ഈ അദ്ഭുതബാലനായി യൂറോപ്പിലെ ഫുട്ബോള്‍ ശക്തികളായ റയലും ബാഴ്സലോണയും പോരടിച്ചിരുന്നു. എന്നാല്‍, അവസാനം വിനീഷ്യസ് റയലിലെത്തിയിരിക്കുന്നു. ബ്രസീല്‍ സമീപകാലത്തു നടത്തിയ ഏറ്റവും വലിയ താരക്കൈമാറ്റമാണിത്.
റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കു പിന്‍ഗാമിയാകാനായി ഒരുങ്ങുന്ന താരമായാണ് വിനീഷ്യസ് വിലയിരുത്തപ്പെടുന്നത്. സാന്റോസില്‍നിന്ന് നാലു കോടി 90 ലക്ഷം പൗണ്ടിനാണ് നെയ്മര്‍ ബാഴ്സയിലെത്തുന്നത്. അതിനു ശേഷം ബ്രസീലില്‍ നടക്കുന്ന ഏറ്റവും വലിയ താരക്കൈമാറ്റമാണ് വിനീഷ്യസിലൂടെ നടന്നിരിക്കുന്നത്. ഗബ്രിയേല്‍ ജീസസിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയതിനേക്കാള് ഒരു കോടി പൗണ്ട് കൂടുതലാണിത്.
വിനീഷ്യസിനു പിന്നാലെ റയലും ബാഴ്സയും
റയല്‍ മാഡ്രിഡും ബാഴ്സലോണയും കഴിഞ്ഞ കുറേക്കാലമായി വിനീഷ്യസിനു പിന്നാലെയായിരുന്നു. ബ്രസീലിയന്‍ ക്ലബ് ഫ്ളെമംഗോയ്ക്കുവേണ്ടി കളിക്കുന്ന ഈ കൗമാര പ്രതിഭ ബ്രസീലിന്റെ അണ്ടര്‍ 17 ടീമില്‍ ഇടം പിടിക്കുകയും ഗോള്‍ നേടുകയും ചെയ്തു. ഇക്കഴിഞ്ഞ ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഏഴു ഗോളടിച്ച താരം ടോപ് സ്കോറര്‍ ആകുകയും ചെയ്തു.
വേഗവും പന്തുകൊണ്ടു കാണിക്കുന്ന വൈദഗ്ധ്യവും ഒപ്പം മാരകമായ ഫിനിഷിംഗുമാണ് ഈ അണ്ടര്‍ 17 താരത്തിന്. ഫ്ളെമംഗോ മൂന്നു കോടി യൂറോയ്ക്കാണ് വിനിഷ്യസിനെ സ്വന്തംപാളയത്തിലെത്തിച്ചത്. ഫ്ളെമംഗോയുടെ യൂത്ത് ടീമില്‍ കളിച്ചു തുടങ്ങിയ വിനീഷ്യസ് മുന്നേറ്റനിരയില്‍ തന്റെ പ്രതിഭ വെളിപ്പെടുത്തിക്കഴിഞ്ഞു. അടുത്ത സീസണ് മുതല്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമില്‍ സ്ഥാനം നേടുമെന്നു പ്രതീക്ഷീച്ചിരിക്കുമ്പോഴാണ് റയലില്‍നിന്നു വിളിയെത്തിയത്.
റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമിന്റെ പരിശീലകര്‍ വിനീഷ്യസിന്റെ കളി നേരിട്ടു കണ്ട് സിദാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ബ്രസീലിയന്‍ ഫുട്ബോളര്‍മാരെ എന്നും അദ്ഭുതത്തോടെ നോക്കിക്കണ്ട സിദാന് വിനീഷ്യസിനെ എത്രയും വേഗം റയലിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുപോലുള്ള കളിക്കാര്‍ ഇരുപതോ അല്ലെങ്കില്‍ 24 വര്‍ഷത്തിനുശേഷമോ ഉണ്ടാകുന്നവരാണെന്നാണ് യൂത്ത് ടീം പരിശീലകന് വിലയിരുത്തിയത്. റയല്‍ നോട്ടമിട്ടതോടെ അവരുടെ പ്രധാന എതിരാളികളായ ബാഴ്സലോണയും ആ കൗമാരപ്രതിഭയില് തങ്ങളുടെ ശ്രദ്ധതിരിച്ചു. എന്നാല്‍, ഫ്ളെമംഗോ വിനീഷ്യസിനെ റയലിനു കൈമാറാനാണ് തയാറായത്.
പല ബ്രസീലിയന്‍ അദ്ഭുത താരങ്ങള്‍ക്കും തുടക്കത്തില്‍ വലിയ ഹൈപ്പാണ് ലഭിക്കുന്നത്. പലപ്പോഴും ഈ പ്രതീക്ഷയ്ക്കൊപ്പം എത്താനാവാതെ പോകുന്ന താരങ്ങളുമുണ്ട്. എന്നാല്‍ വിനീഷ്യസ് ഫ്ളെമംഗോയുടെയും ബ്രസീലിന്റെയും യൂത്ത് ടീമുകളില്‍ നടത്തുന്ന പ്രകടനം ആ കൗമാരതാരത്തില് പ്രതിഭയുണ്ടെന്നു തെളിയിക്കുന്നതാണ്. മാധ്യമങ്ങളും ആരാധകരും വിനീഷ്യസിലുണ്ടാക്കിയിരിക്കുന്ന ഹൈപ്പ് തലയ്ക്കു പിടിപ്പിക്കാതിരിക്കുകയേ വേണ്ടൂ. സാവോ പോളോ യൂത്ത് കപ്പിനായി ഫ്ളെമംഗോയ്ക്കുവേണ്ടി ഇറങ്ങിയ വിനീഷ്യസ് തന്റെ മികവ് വ്യക്തമാക്കി.
ഡ്രിബ്ലിംഗിലെ വേഗത, പാസിംഗിലെ കണിശത, പന്തും കാലില്‍നിന്നു വിടാതെ കുതിക്കാനുള്ള കഴിവ് എന്നിവയെല്ലാം വിനീഷ്യസിലുണ്ട്. ഒരു തികഞ്ഞ കളിക്കാരനായി വിശേഷിപ്പിക്കാവുന്ന താരമായി കഴിഞ്ഞു വിനീഷ്യസ്.പത്തുവര്‍ഷം മുമ്പ് നെയ്മറിനു ലഭിച്ചതിനേക്കാള്‍ സ്വീകാര്യതയാണ് ബ്രസീലിയന്‍ സമൂഹത്തിന് വിനീഷ്യസിലുള്ളത്
സാവോ പോളോ ടൂര്‍ണമെന്റില്‍ നാസിയണല് എസ്പിയെ 6-0ന് തോല്‍പ്പിച്ച മത്സരത്തിലെ അഞ്ചാം ഗോള്‍ വിനീഷ്യസില്നിന്നായിരുന്നു. കൂടാതെ മൂന്ന് അസിസ്റ്റും ഈ കൗമാരതാരത്തില്നിന്നുണ്ടായി. ഈ പ്രകടനം മുതലാണ് ബാഴ്സലോണയുടെ നെയ്മറുമായി വിനീഷ്യസിനെ താരതമ്യം ചെയ്തു തുടങ്ങിയത്. ഈ താരത്തിന്റെ മികവില്‍ ഫ്ളെമംഗോ പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. സാവോ പോളോ യൂത്ത് കപ്പ് എപ്പോഴും ബ്രസീലിനു നല്‍കുന്നത് വളരെ ഫലമാണ്. കഴിഞ്ഞ എഡിഷനുകളില്‍ ആ ടൂര്‍ണമെന്റില്‍നിന്ന് ഒരുപിടി മികച്ച താരങ്ങളെ ലഭിച്ചുകഴിഞ്ഞു.
നെയ്മര്‍, ഓസ്കര്, മാര്‍ക്വിഞ്ഞോ, കസേമിറോ, ലൂകാസ് മൗറ, ഗാന്‍സോ, ഡാനിലോ എന്നിവരെല്ലാം സാവോ പോളോ യൂത്ത് ടൂര്‍ണമെന്റിന്റെ ഫലങ്ങളാണ്. ഇവിടെ നടത്തിയ മികവ് ഈ താരങ്ങളുടെ കരിയറിനെ വലിയ തലങ്ങളിലേക്കെത്തിക്കുകയുംചെയ്തു. ഇതില്‍ നെയ്മര്‍ സാവോ പോളോ യൂത്ത് കപ്പിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരമായിരുന്നു. അവിടെനിന്ന് നെയ്മര്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ആരാധകരുടെ ഒന്നാം നമ്പര്‍ താരമായി. നെയ്മറിനുശേഷമുള്ള പ്രതിഭയായാണ് വിനീഷ്യസില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ബ്രസീലിയന്‍ ക്ലാസിക്കോയില്‍ ബോട്ടോഫോഗോയ്ക്കെതിരേ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന റിയോ ഡി ഷാനെറോ ജൂണിയര്‍ കപ്പില്‍ ഗോളടിച്ചുകൊണ്ട് വിനീഷ്യസ് തുടങ്ങി. മത്സരത്തിനു മുമ്പ് വരെ വിനീഷ്യസിനെ ആരും ഗൗനിച്ചിരുന്നില്ല. താരത്തിന്റെ തിളങ്ങുന്ന പച്ച ബൂട്ടായിരുന്നു ഏവരും ശ്രദ്ധിച്ചത്. എന്നാല്‍ വേഗത്തിലുള്ള രണ്ടു സ്പര്ശനങ്ങള് കാണികളുടെ ശ്രദ്ധ താരത്തിലേക്കാക്കി.
തെരുവിലെ അദ്ഭുതബാലന്
ബ്രസീലിയന്‍ ഫുട്ബോളിലെ എണ്ണമറ്റ താരങ്ങള്‍ വന്നതുപോലെ തീര്‍ത്തും ദരിദ്രമായ സാഹചര്യത്തില്‍നിന്നാണ് വിനീഷ്യസിന്റെയും വരവ്. റിയോയിലെ സാവോ ഗോണ്‍സാലോ തെരുവിലാണ് വിനീഷ്യസ് താമസിക്കുന്നത്. അഞ്ചാം വയസില്‍ത്തന്നെ ഫുട്ബോളില്‍ മികവു കാണിച്ചു തുടങ്ങിയ വിനീഷ്യസിനെ 10-ാം വയസില്‍ ഫ്ളെമംഗോ സ്വന്തമാക്കി. അവിടെ ഫുട്ബോള്‍ കാര്യമായി പഠിച്ച വിനീഷ്യസ് മൂന്നു വര്‍ഷത്തിനുശേഷം ഫ്ളെമംഗോയുടെ അണ്ടര്‍ 15 ടീമിലെത്തി. എല്ലാ പ്രായവിഭാഗങ്ങളിലുള്ളവരുടെ കൂടെയും വിനീഷ്യസ് പരിശീലനം നടത്തി.
മുത്തശിയുടെ വീട്ടിലായിരുന്നു വിനീഷ്യസ് വളര്‍ന്നത്. പെലെയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും നെയ്മറുമൊക്കെ കൈവരിച്ച ഉയരത്തിലേക്ക് വിനീഷ്യസുമെത്തുമെന്നാണ് ബ്രസീലുകാരുടെ വിശ്വാസം.