തൃശൂർ: തൃശൂർ നഗരത്തിലെ പൂത്തോൾ ദിവാൻജിമൂല റെയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തിയാക്കാൻ റെയിൽവേ വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കുന്ന പണി ഇന്ന് ആരംഭിക്കും. ഇന്നു മുതൽ 30 വരെ ദിവസങ്ങളിൽ ചില ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ഇന്നും നാളെയും 29 നും 30 നുമാണ് ട്രെയിൻ ഗതാഗതം അല്പസമയം തടസപ്പെടുക.
എറണാകുളം- പാലക്കാട് മെമു (ഉച്ചയ്ക്കു 3.35), തൃശൂർ -കണ്ണൂർ പാസഞ്ചർ (വൈകുന്നേരം 6.20) എന്നീ ട്രെയിനുകൾ 45 മിനിറ്റു വൈകും. ഗുരുവായൂർ- തൃശൂർ പാസഞ്ചർ 20 മിനിറ്റു വൈകും (വൈകുന്നേരം 5.30). തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് ഒല്ലൂരിൽ 25 മിനിറ്റ് പിടിച്ചിടും.
എറണാകുളം- കണ്ണൂർ എക്സ്പ്രസും ആലപ്പുഴ – കണ്ണൂർ എക്സ്പ്രസും പുതുക്കാട് സ്റ്റേഷനിലോ ഒല്ലൂർ സ്റ്റേഷനിലോ 20 മിനിറ്റ് നിർത്തിയിടും. ഇന്നും ഞായറാഴ്ചയും ഗുരുവായൂർ- എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക് 1.35) 25 മിനിറ്റു വൈകിയേ പുറപ്പെടൂ. തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ് തൃശൂരിൽ അരമണിക്കൂർ നിർത്തിയിടും.