ചെറായി: സർക്കാരിന്റെ ഭവനനിർമാണ സഹായത്തിനുവേണ്ടി പലതവണ ശ്രമിച്ചിട്ടും കിട്ടാതിരുന്ന നിർധനകുടുംബത്തിന്റെ ചിത്രം സർക്കാരിന്റെ ഒന്നാം വർഷ ആഘോഷത്തിന്റെ ഭാഗമായി നൽകിയ ലൈഫ് ഭവന പദ്ധതി പത്രപ്പരസ്യത്തിൽ വന്നത് വിവാദമായി. വീട് നിർമാണത്തിനായി ഗ്രാമ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും കയറിയിറങ്ങിയിട്ടും സഹായം കിട്ടാതെ വന്നപ്പോൾ ജില്ലാ ബാങ്കിൽ നിന്നും ഭവന വായ്പ എടുത്ത് ഈ അടുത്ത് വീട് നിർമിച്ച പള്ളിപ്പുറം കോണ്വെന്റ് പടിഞ്ഞാറ് 21-ാം വാർഡ് നിവാസിയായ ചാറ്റുപാടത്ത് മോഹനൻ, ഭാര്യ സുമതി, മകൻ സിനോജിന്റെ പുത്രൻ ഗൗരിശങ്കർ എന്നിവരുടെ ചിത്രമാണ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂട്ടത്തിൽ ഒരു ബാലികയുണ്ടെങ്കിലും ഇതാരെന്ന് ഇവർക്കറിയില്ല.
കുറച്ച് ദിവസം മുന്പ് ഒരു പരിചയക്കാരന്റെ കുടെ വന്ന ഒരു ഫോട്ടോഗ്രാഫർ ചിത്രമെടുത്തപ്പോൾ സർക്കാരിന്റെ ഒന്നാം വാർഷികത്തിനു നൽകാനാണെന്ന് പറഞ്ഞതിനാൽ മറ്റു കാര്യങ്ങളൊന്നും തിരക്കിയില്ല. എന്നാൽ ഫോട്ടോ വന്നതിന്റെ പേരിൽ തങ്ങൾക്ക് യാതൊരു വിധ സഹായവും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് മോഹനനും ഭാര്യയും പറയുന്നത്. മുന്ന് വർഷം മുന്പ് തന്റെ വീട് ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് പഞ്ചായത്തിലും മറ്റും ധനസഹായത്തിനു വേണ്ടി കയറി ഇറങ്ങിയതാണ്.
വീട് വെക്കാൻ സർക്കാർ സഹായം ലഭിക്കാതെ വന്നപ്പോൾ ജില്ലാ ബാങ്കിന്റെ ശാഖയിൽ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തും മറ്റ് പലരുടെ പക്കൽ നിന്നും കൈ വായ്പയുമൊക്കെ വാങ്ങിയുമാണ് ഈ നിർധന കുടുംബം ചെറിയൊരു വീട് നിർമിച്ചത്.
പത്രപ്പരസ്യം വന്നതോടെ കുടുംബത്തിനു നേരത്തെ വേറെ വീട് ലഭിച്ചുവെന്നാണ് നാട്ടുകാർ വിശ്വസിച്ചിരിക്കുന്നത്. മാത്രമല്ല വീടില്ലെന്ന് പറഞ്ഞ് മോഹനനും കുടുംബവും ആളുകളെ കബളിപ്പിച്ചുവെന്നും ചിലർ ആരോപിച്ചത്രേ.
എന്നാൽ സർക്കാരിൽ നിന്നും തങ്ങൾക്ക് ഒരു സഹായവും ലഭിച്ചില്ലെന്നും ബിപിഎൽ ആയിരുന്ന തങ്ങളെ ഈ സർക്കാർ എപിഎൽ ആക്കി ഉള്ള ആനുകൂല്യംകൂടി ഇല്ലാതാക്കുകയാണ് ചെയ്തെതന്നാണ് ഈ കുടുംബം പറയുന്നത്. ഇതേ തുടർന്ന് പ്രശ്നം ഇന്നലെ നിയമസഭവരെ എത്തി. വി.ഡി. സതീശൻ എംഎൽഎയാണ് ഇക്കാര്യം സഭയിൽ ഉയർത്തിയത്. സർക്കാർ കുടുംബത്തെ കബളിപ്പിച്ചുവെന്നാണ് പൊതുപ്രവർത്തകർ പറയുന്നത്.
ഈ സാഹചര്യത്തിൽ ഈ നിർധന കുടുംബം ജില്ലാ സഹകരണബാങ്കിൽ നിന്നുമെടുത്ത വായ്പ എഴുതി തള്ളുകയോ തുക സർക്കാർ അടക്കുകയോ വേണമെന്ന് കോണ്ഗ്രസ്-ഐ പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി എസ് സോളിരാജ്, കോണ്ഗ്രസ് ഐ ന്യൂനപക്ഷസെൽ ജില്ല ജനറൽ സെക്രട്ടറി വി എക്സ് ബനഡിക്ട് എന്നിവർ ആവശ്യപ്പെട്ടു.