കൊല്ലം: എഐഎസ്എഫ് നേതാവിനെ വെട്ടിപരിക്കേൽപ്പിച്ചസംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയിയിലാണ് എഐഎസ്എഫ് സെക്രട്ടറിയേറ്റ് അംഗം ഗിരീഷിനെ നാലംഗസംഘം വെട്ടിപരിക്കേൽപ്പിച്ചത്. മുഖത്തല വില്ലേജ് ഓഫീസിന് സമീപംവച്ചാണ് ആക്രമണം.
പാർട്ടി ഓഫീസിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്പോൾ ഗിരീഷിനെ അക്രമിസംഘം സ്കൂട്ടറിൽനിന്ന് തള്ളിതാഴെയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെമുതൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ സിപിഐ ഹർത്താൽ ആചരിക്കുകയാണ്.സ്ഥലത്ത് വൻപോലീസ് സന്നാഹം ക്യാന്പുചെയ്യുന്നുണ്ട്.
സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി ബാബു ആരോപിച്ചു. കഴിഞ്ഞദിവസം എഐഎസ്എഫിന്റെബോർഡുകളും മറ്റും നശിപ്പിച്ചിരുന്നതായും ബാബു പറഞ്ഞു. തലയ്ക്കും മുഖത്തും പരിക്കേറ്റ ഗിരീഷ് അയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.