തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഒരു വർഷത്തെ ഭരണപരാജയങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുവമോർച്ചയും സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ ഉപരോധം നടത്തുന്നു. അതിനിടെ ഉപരോധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പരസ്പരം കല്ലേറ് നടന്നു. പിന്നീട് ഇരുഭാഗത്തും നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
കല്ലും വടികളും പ്രവർത്തകർ തമ്മിൽ വലിച്ചെറിഞ്ഞു. മെയിൻ ഗേറ്റിന് മുന്നിലും രണ്ടാം ഗേറ്റിലുമുന്നിലുമാണ് സമരക്കാർ ഉപരോധം നടത്തുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കല്ലേറിൽ കലാശിച്ചത്.അതേ സമയം സമാധാനപരമായി സമരം ചെയ്യുന്ന യുവജനസംഘടനകളെ തമ്മിൽ അടിപ്പിക്കുന്നതിന് വേണ്ടി പോലീസ് ശ്രമിക്കുകയാണെന്ന് യുവമോർച്ച ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ഇന്നലെ രാത്രിയോടെ തന്നെ ഉപരോധ സമരം ആരംഭിച്ചിരുന്നു. രാത്രിയിലും നേരിയതോതിൽ ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിച്ച യൂത്ത് മാർച്ചിന്റെ സമാപനത്തോടനുബന്ധിച്ചാണ് സെക്രട്ടറിയേറ്റ് ഉപരോധം. രണ്ട് പാർട്ടികളിലെയും പതിനായിരത്തോളം വരുന്ന പ്രവർത്തകരെയും നേതാക്കളെയും കൊണ്ട് സെക്രട്ടറിയേറ്റ് പ്രദേശം ജനനിബിഡമായിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിനെതിരെ നടത്തുന്ന ഉപരോധ സമരങ്ങൾ ഉദ്ഘാടനം ചെയ്യാനായി ദേശീയ നേതാക്കളാണ് തലസ്ഥാനത്തെത്തിയിരിക്കുന്നത്. രാവിലെ പത്തരയോടെയാണ് ഉപരോധ സമരങ്ങളുടെ ഉദ്ഘാടനം നടക്കും. യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് അമരേന്ദ്രസിംഗ് രാജാബ്രാർ ഉദ്ഘാടനം ചെയ്യും.
ദേശീയ സെക്രട്ടറി രവീന്ദ്രദാസ്, കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ, ഡീൻ കുര്യാക്കോസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. യുവമോർച്ചയുടെ ഉപരോധസമരം യുവമോർച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജൻ ഉദ്ഘാടനം ചെയ്യും. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബു, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എംഎൽഎ. വി.മുരളീധരൻ, വി.വി.രാജേഷ്, സി.ശിവൻകുട്ടി. ജെ.ആർ.പത്മകുമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് ഉപരോധത്തെ തുടർന്ന് എം.ജി.റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.