മാഹി: മുളകുപൊടി വിതറി പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അധീനതയിലുള്ള പന്തക്കൽ വയലിൽപിടികയിലെ പയനീർ പെട്രോൾ പമ്പ് ജീവനക്കാരൻ ദേവദാസ ബാബു ഇന്നലെ രാവിലെ സ്കൂട്ടറിൽ തലശേരിയിലെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ പ്രധാനശാഖയിലേക്ക് പണവുമായി പോകുമ്പോൾ ഇല്ലത്ത് താഴെ മത്സ്യവിൽപ്പന കേന്ദ്രത്തിന് സമീപം വച്ച് കണ്ണിൽ മുളകുപൊടി വിതറി 250000 രൂപ തട്ടിയെടുത്തതായി പറയുന്നു.
വാഹനത്തിൽ നിന്ന് ഓടയിലേക്ക് വീണ ഇയാളെ പരിസരത്തുണ്ടായിരുന്നവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റോഡിൽ കിടന്ന 35000 രൂപ തിരിച്ചു കിട്ടിയതായും പറയുന്നു. തുടർന്ന് തലശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൂക്കിലും ഹെൽമറ്റിലും മാത്രമെ മുളക് വിതറിയതായി കണ്ടെത്തിയിട്ടുള്ളൂ. പരാതി വ്യാജമാകാനാണ് സാധ്യതയെന്നും തലശേരി പോലീസ് പറഞ്ഞു.ഇയാൾ ചികിത്സ തേടിയ ആശുപത്രിയിൽ ഇന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.