ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യ – പാക്കിസ്ഥാന് മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പരമ്പകളൊന്നും നടക്കുന്നില്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്താല്‍ മാത്രമേ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കൂ. മൂന്നു മാസം മുമ്പുതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ കേന്ദ്രസര്‍ക്കാരിനു രണ്ടു വട്ടം കത്തയച്ചിരുന്നു.
അതുപോലെ ഉഭയകക്ഷി പരമ്പരകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു ബോര്‍ഡുകളും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ മാസം തന്നെ ദുബായില്‍ നടക്കുന്നുണ്ട്. എന്നാല്‍, പാക്കിസ്ഥാനുമായുള്ള പരമ്പരകള്‍ നടക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.
അതേസമയം, 2014ല്‍ ഇരുബോര്‍ഡുകളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ ബിസിസിഐ ലംഘിച്ചതിനാല്‍ ആറു കോടി 94 ലക്ഷം ഡോളര്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 2015നും 23നും ഇടയ്ക്ക് ഇരുരാജ്യങ്ങളിലുമായി ആറു പരമ്പരകള്‍ നടത്താം എന്നായിരുന്നു കരാര്‍. ഇതില്‍ നാലു പരമ്പരകളും പാക്കിസ്ഥാനിലായിരുന്നു നടക്കേണ്ടത്.
ഈ കരാര്‍ ലംഘിച്ചതോടെ തങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പാക് ബോര്‍ഡ് ചൂണ്ടിക്കാട്ടി. എന്നാല്‍, നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ. ദുബായില്‍ നടക്കുന്ന യോഗത്തില്‍ അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്സിക്യുട്ടീവ് ഡേവ് റിച്ചാര്ഡ്സണ് പങ്കെടുക്കും.
ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍
അതിനിടെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ച ടീമില്‍ രണ്ടു പ്രമുഖ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. കേദാര്‍ ജാദവും രോഹിത് ശര്‍മയുമാണ് ടീമിനൊപ്പമില്ലാത്തത്. വീസ പ്രശ്നം മൂലം കേദാറിന്റെ യാത്ര വൈകുകയാണ്.
അതേസമയം, ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതിനാൽ രോഹിത് ശര്‍മയും ടീം ഇന്ത്യക്കൊപ്പമില്ല. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ടീം ഇന്ത്യയുടെ മറ്റെല്ലാ താരങ്ങളുടെയും വീസ സമയത്തിന് എത്തിയപ്പോള്‍ കേദാറിന് ഇതുവരെ വീസ ലഭിച്ചിട്ടില്ല. വിസ ക്ലിയറന്‍സിനായി ബിസിസിഐ അധികൃതര്‍ ബ്രിട്ടീഷ് ഹൈകമ്മീഷണറെ സമീപിച്ചിട്ടുണ്ട്. ഇന്നു തന്നെ കേദാര്‍ ഇംഗ്ലണ്ടിലേക്കു പറന്നേക്കും. ഇരു താരങ്ങളും 28ന് നടക്കുന്ന ആദ്യ സന്നാഹമത്സരത്തില്‍ പങ്കെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു.