ചെങ്ങന്നൂർ:പെട്രോൾ പന്പുടമയെ ബൈക്കിലെത്തി കന്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. 25,000രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കണം. 326-ാം വകുപ്പ് പ്രകാരം മൂന്നു വർഷം തടവിനുകൂടി ശിക്ഷിച്ചിട്ടുണ്ടെ ങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി. ഒന്നാം പ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയിൽ പൂമലച്ചാൽ മഠത്തിലേത്ത് വീട്ടിൽ ബോഞ്ചോ എന്ന് വിളിക്കുന്ന അനു(26),രണ്ട ാം പ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാൽ കണ്ണുകുഴിച്ചിറ വീട്ടിൽ രാജീവ് (26) മൂന്നാം പ്രതി ചെറിയനാട് തുരുത്തിമേൽ പ്ലാവിള വടക്കേതിൽ മനോജ് ഭവനത്തിൽ മനോജ് (ഐസക് 25) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ചെങ്ങന്നൂർ മുളക്കുഴ രേണു ഓട്ടോ ഫ്യുവൽസ് ഉടമ ശങ്കരമംഗലം വീട്ടിൽ എം.പി. മുരളീധരൻനായരെ(55) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2016 ഫെബ്രുവരി 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷന് സമീപമാണ് കേസിന് ആസ്പദമായ സംഭവം. മുളക്കുഴയിലുള്ള പന്പിൽ പെട്രോൾ അടിക്കാനായി മനോജും അനുവും എത്തുകയും പെട്രോളടിക്കാൻ താമസിച്ചതിനെ ചൊല്ലി ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാ വുകയും ജീവനക്കാനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ബഹളം കേട്ട് വന്ന മുരളീധരൻ നായർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഭീഷണി മുഴക്കിയാണ് പ്രതികൾ ഇവിടെനിന്നും പോയത്. കുറച്ചു സമയം കഴിഞ്ഞ് കേസിലെ മറ്റൊരു പ്രതിയായ രാജീവ് പന്പിലെ കാര്യങ്ങൾ മനസിലാക്കാൻ എത്തുകയും പന്പുടമ ആരാണന്ന് തിരിച്ചറിഞ്ഞു പന്പിനു സമീപം നിന്ന മനോജിനും അനുവിനും വിവരം നൽകി.
രാത്രി 7.30 ഓടെ മുരളീധരൻനായർ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുന്പോൾ ബൈക്കിൽ പിന്തുടർന്നുവന്ന രാജീവ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു കുറുകെ വച്ച് തടഞ്ഞുനിർത്തി. തൊട്ടു പിന്നാലെ മനോജും അനുവും ബൈക്കിലെത്തി അനു കൈയിൽ കരുതിയിരുന്ന കന്പിവടികൊണ്ട് മുരളീധരൻ നായരുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് സിഐ ആയിരുന്ന ജി.അജയനാഥും, എസ്ഐ പി രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.