കൊച്ചി: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ഹൈക്കോടതിയില്‍നിന്നു വീണ്ടും തിരിച്ചടി. പ്രവേശന തീയതി നീട്ടി നല്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കുട്ടികളുടെ കാര്യത്തില്‍ വാശി പിടിക്കരുതെന്നു വ്യക്തമാക്കിയ കോടതി സിബിഎസ്ഇ പരീക്ഷാഫലം വന്നു മൂന്നു ദിവസംകൂടി പ്രവേശനത്തിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ, സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ തീയതി നീട്ടണമെന്ന ഹര്‍ജിയെ തുടര്‍ന്നായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നത്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്ക് മേയ് 22 വരെയാണു പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ സമയം നല്‍കിയിരുന്നത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം താമസിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. തങ്ങളുടെ സിബിഎസ്ഇ സ്കൂളുകളില്‍ പത്താം ക്ലാസ് വരെ മാത്രമാണുള്ളതെന്നും പ്ലസ് വണ്‍ പ്രവേശനത്തിനു സാധ്യതയുള്ള മറ്റു സിബിഎസ്ഇ സ്കൂളുകള്‍ അടുത്തെങ്ങുമില്ലെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.