ന്യൂഡൽഹി: പശുക്കളെ കൊല്ലാൻ കൊടുക്കുന്നതു നിരോധിച്ചു. കൃഷിക്കാർക്കു മാത്രമേ ഇനി കന്നുകാലികളെ കൈമാറ്റം ചെയ്യാവൂ. സന്പൂർണ ഗോവധ നിരോധനത്തിന്റെ ഭാഗമായാണിത്. പോത്തിനും എരുമയ്ക്കും നിരോധനമില്ല. കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമൊഴിച്ചു മിക്കയിടങ്ങളിലും ഗോവധം നിരോധിച്ചിട്ടുള്ളതാണ്.
വ്യാഴാഴ്ച രാത്രി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്റ്റ് 1960 പ്രകാരം ഇതിനുള്ള വിജ്ഞാപനം ഇറക്കി. ഇതനുസരിച്ചു കന്നുകാലിയെ വാങ്ങുന്നയാൾ കൃഷിക്കാരനാണെന്നു തെളിയിക്കണം. കാർഷികാവശ്യത്തിനാണു വാങ്ങുന്നതെന്നും കൊല്ലാനല്ലെന്നും സത്യവാഗ്മൂലം നൽകണം. ആറുമാസത്തിനകം മറിച്ചുവിൽക്കാൻ പാടില്ല. തീരെ പ്രായം കുറഞ്ഞതോ ആരോഗ്യമില്ലാത്തതോ ആയ കാലികളെ വിൽക്കാൻ പാടില്ല. പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവും വിജ്ഞാപനവും ഇറക്കിയത്.
അന്താരാഷ്്ട്ര അതിർത്തിയുടെ 50 കിലോ മീറ്ററിനുള്ളിലോ സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്ററിനുള്ളിലോ കാലിച്ചന്ത സ്ഥാപിക്കാൻപാടില്ല. സംസ്ഥാനത്തിനു പുറത്തേക്ക് കന്നുകാലിയെ കൊണ്ടുപോകാൻ പെർമിറ്റ് വാങ്ങണം. സംസ്ഥാനഗവണ്മെന്റ് അതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണു പെർമിറ്റ് നൽകേണ്ടത്.
കാലിച്ചന്തകളിലെ സൗകര്യങ്ങൾ സംബന്ധിച്ചും നിരവധി വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്. മൂന്നുമാസത്തിനകം ഇതിലെ വ്യവസ്ഥകൾ നടപ്പാക്കണം.