ഒടുവില്‍ അത് കണ്ടെത്തി! രക്തം നിറഞ്ഞ വെള്ളച്ചാട്ടത്തിന് പിന്നിലെ രഹസ്യം; അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള ആ സത്യം ലോകത്തിന് മുമ്പിലേയ്ക്ക്

antarcticas-blood-falls.jpg.image.784.4101911ല്‍ അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണില്‍ ഒരു കാഴ്ച പെട്ടു. ഹിമാനിയുടെ നെറുകയില്‍ നിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന ‘രക്തം’. ശരിക്കും ഒരാളുടെ നെറുകയില്‍ മുറിവേറ്റതു പോലെ! Blood Falls എന്നാണവര്‍ അതിനു നല്‍കിയ പേര്. എന്താണ് അതെന്ന് അന്വേഷിച്ച ഗവേഷകര്‍ കാലക്രമേണ ഒരു നിഗമനത്തിലെത്തി മഞ്ഞുപാളികളിലെ ചുവന്ന ആല്‍ഗെകളാണ് ചുവപ്പന്‍ പ്രതിഭാസത്തിനു പിന്നിലെന്ന്. പക്ഷേ അപ്പോഴും ആ ആല്‍ഗെകള്‍ എവിടെ നിന്നു വന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ നൂറിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം ആ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ആല്‍ഗെകളല്ല മറിച്ച് മറ്റൊരു രാസപ്രവര്‍ത്തനം വഴിയാണ് ‘രക്തം നിറഞ്ഞ വെള്ളച്ചാട്ടം’ സൃഷ്ടിക്കപ്പെടുന്നതെന്നാണ് അവരുടെ കണ്ടുപിടിത്തം.

antarcticas-blood-falls1.jpg.image.784.410

ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ് ടെയ്ലര്‍ ഹിമാനിയില്‍ നടക്കുന്നതെന്നാണ് കണ്ടെത്തല്‍. ഹിമാനിയുടെ രൂപീകരണ സമയത്ത് കിലോമീറ്ററുകണക്കിന് ദൂരത്തേക്കാണ് മഞ്ഞ് പരന്നത്. മഞ്ഞിന്റെ ആ യാത്രയ്ക്കിടെ അത് ഒരു ഉപ്പുവെള്ളത്തടാകത്തെയും കടന്നുപോയി. സ്വാഭാവികമായും തടാകം മഞ്ഞിന് താഴെയായി ഉറഞ്ഞുകിടന്നു. അതിലെ ഉപ്പുവെള്ളമാകട്ടെ കുറുകിക്കുറുകി കൊടും ഉപ്പുരസമുള്ളതായും മാറി. സാധാരണ താപനിലയില്‍ ഉപ്പുവെള്ളം കട്ടിയാകുന്ന അവസ്ഥയിലും അതെത്തി. ഇക്കണ്ട കാലമെല്ലാം ഭൂമിയുടെ അടിത്തട്ടില്‍ നിന്നും ഈ ഉപ്പുതടാകം ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്നുണ്ടായിരുന്നു. വന്‍തോതില്‍ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്‌സിജനുമായി ചേര്‍ന്ന് ചുവപ്പ് നിറമാവുകയായിരുന്നു. ഇരുമ്പ് തുരുമ്പിക്കുന്ന അതേ പ്രക്രിയയാണ് ഇവിടെയും സംഭവിച്ചത്.

പുതിയ ചില പഠനങ്ങള്‍ക്കുകൂടിയാണ് ഈ കണ്ടെത്തല്‍ വഴിതെളിച്ചിരിക്കുന്നത്. മഞ്ഞിന്‍പാളികള്‍ക്കു താഴെ ഉപ്പുവെള്ളത്തില്‍ ഓക്‌സിജന്റെ അഭാവത്തില്‍ പ്രത്യേകതരം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. ഇവ വെള്ളത്തില്‍ വന്‍തോതിലുള്ള ഇരുമ്പിന്റെ അംശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുവഴി കൂടുതല്‍ സള്‍ഫേറ്റുണ്ടാകുന്നു. അവ ബാക്ടീരിയ ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിലൊരു സൈക്ലിക് പ്രവര്‍ത്തനം വഴിയാണ് അവ ജീവന്‍ നിലനിര്‍ത്തുന്നത്. കണ്ടെത്തിയ കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇവിടെ മാത്രമല്ല, അന്റാര്‍ട്ടിക്കയില്‍ പലയിടത്തും ഇത്തരത്തില്‍ ചുവന്ന വെള്ളച്ചാട്ടങ്ങളും ബാക്ടീരിയകളും ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

Related posts