കോഴിക്കോട്: രണ്ടാം ഭാര്യയെ കൊലപ്പെടുത്തി വീട്ടിൽ തള്ളിയശേഷം ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ കൊന്ന് കനാലില്‍ താഴത്തിയ പ്രതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കുന്നമംഗലം കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയെയും (34), ഇവരുടെ കുഞ്ഞിനെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ വടകര മടപ്പള്ളി സ്വദേശി അബ്ദുല്‍ ബഷീർ(46) ന്റെ ശാരീരിക ക്ഷമത പരിശോധിക്കാനാണ് പോലീസ് ഇന്ന് പരിശോധന നടത്തുന്നത്.
ഭിന്നശേഷിക്കാരാനായ തനിക്ക് രണ്ട് കൊലപാതകങ്ങൾ നടത്താൻ കഴിയില്ലെന്ന വാദത്തിൽ ബഷീർ ഉറച്ച് നിൽക്കുന്നതിനാലാണ് കായിക ക്ഷമത പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്. കോടതിയുടെ അനുമതിയോടെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഇയാളുടെ കായിക ക്ഷമത പരിശോധിക്കാനാണ് പോലീസ് തീരുമാനം. ഭിന്നശേഷിക്കാരാനായ പ്രതിക്ക് രണ്ട് പേരുടെ കൊലപാതങ്ങൾ നടത്താൻ വേണ്ട ശാരീരിക പ്രാപ്തിയുണ്ടോയെന്ന് ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടർ നടപടി.
അതേസമയം, ബഷീറിനെ കുന്നമംഗലത്തെ വീട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന സംഘമാണ് ഇന്ന് കുന്നമംഗലത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തുക. കുട്ടിയുടെ സ്വർണാഭരണങ്ങൾ കോഴിക്കോട്ടെ ഒരു ജ്വല്ലറിയിൽ കൊണ്ടു പോയി വിറ്റതായാണ് മൊഴി നൽകിയിട്ടുള്ളത്. ജ്വല്ലറിയിലും ഇന്ന് പോലീസ് എത്തി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു രണ്ടു ഭാര്യമാരും കുട്ടികളുമുള്ള അബ്ദുൾ ബഷീർ ഷാഹിദയുടെ ഫോണിൽ വരുന്ന കോളുകളെ ചൊല്ലിയാണ് തർക്കം രൂക്ഷമായിരുന്നത്.
തനിക്ക് ഷാഹിദയെ സംശയമുണ്ടായിരുന്നതായും ബഷീർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. കളരിക്കണ്ടയിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഷാഹിദയുടെ മൃതദേഹം വൈകിട്ടോടെയാണു നാട്ടുകാര്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. എന്നാല്‍ അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ ദുരൂഹത വര്‍ധിച്ചു.
ബഷീറിനെ കാണാതായതോടെ യുവതിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ പങ്കുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നു സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥിന്റെ നിര്‍ദേശ പ്രകാരം നോർത്ത് അസി.കമ്മീഷണർ ഇ.പി. പൃഥ്വിരാജ് ,ചേവായൂര്‍ സിഐ കെ.കെ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ആറു സ്ക്വാഡുകള്‍ രൂപീകരിച്ചു അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പാലക്കാട് കല്ലടിക്കോടു നിന്നാണ് ബഷീര്‍ പിടിയിലായത്.
തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ഇന്നലെ രാവിലെ ഏഴോടെ പ്രതിയെ അരയിടത്തുപാലത്ത് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയാണു മകളുടെ മൃതദേഹം കണ്ടെത്തിയത്.