ഒറ്റപ്പാലം: അന്പലപ്പാറയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ ഭർതൃസഹോദരനെ പോലീസ് അറസ്റ്റുചെയ്തു. കൊലപാതകം നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണെന്നും പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 18ന് അന്പലപ്പാറ അകവണ്ട ജവാൻനഗറിൽ ബാലന്റെ ഭാര്യ ധനലക്ഷ്മി (40) വീട്ടുവളപ്പിൽ പുലർച്ചെ കൊലചെയ്യപ്പെട്ട സംഭവത്തിലാണ് ബാലന്റെ സഹോദരൻ മണികണ്ഠനെ(37) പോലീസ് അറസ്റ്റ് ചെയ്തത്. സഹോദര ഭാര്യയെ കൊലപ്പെടുത്താൻ കാരണമായതു സ്വത്തുതർക്കമാണെന്നു പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ആദ്യ ഭാര്യയെ ഉപേക്ഷിച്ച ബാലൻ ചുനങ്ങാട് സ്വദേശിനിയായ ഭർതൃമതിയായ വീട്ടമ്മയെ ഭാര്യയായി സ്വീകരിക്കുകയും വീട്ടുവളപ്പിലെ ഒഴിഞ്ഞ പ്രദേശത്തു ഷെഡ് കെട്ടി താമസിക്കുകയുമായിരുന്നു. ലക്ഷക്കണക്കിനു രൂപ വിലവരുന്ന സ്വത്തുവകകൾ വീതംവച്ചു പോകുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് മണികണ്ഠനെ എത്തിച്ചത്.
മണികണ്ഠനാണ് തമിഴ്നാട് തേനി സ്വദേശികൾക്കു ക്വട്ടേഷൻ കൊടുത്തതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ക്വട്ടേഷൻ സംഘത്തിൽ നാലിലധികം പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടന്നതിന്റെ തലേന്നാൾ ക്വട്ടേഷൻ സംഘം സംഭവസ്ഥലത്തെത്തിയിരുന്നു. ക്വട്ടേഷൻ സംഘം തയാറാക്കിയ പദ്ധതികൾ പ്രകാരമാണ് കാര്യങ്ങൾ നീങ്ങിയത്. രാവിലെ ബാലൻ പാൽവിതരണത്തിനായി പോയ സമയം ക്വട്ടേഷൻ സംഘാംഗങ്ങൾ വീട്ടിൽ അതിക്രമിച്ചുകയറുകയും ഇറങ്ങിയോടിയ ധനലക്ഷ്മിയെ പറന്പിലെ ചാണകക്കുഴിക്കു സമീപം വച്ച് കുത്തിവീഴ്ത്തുകയുമായിരുന്നു. ഇവരുടെ ആഭരണങ്ങൾ കവരുകയും ചെയ്തു.
ഒറ്റപ്പാലം സിഐ അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ സംഭവവുമായി ബന്ധപ്പെട്ട് ഒരു കാർ കസ്റ്റഡിയിലെടുത്തിരുന്നു. ഈ കാറിലാണ് പ്രതികൾ വന്നതെന്നു കണ്ടെത്തി. കാറിനുള്ളിൽനിന്നും നിർണായകമായ തെളിവുകളും പോലീസിനു ലഭിച്ചു. കഴിഞ്ഞ നാലുദിവസമായി മണികണ്ഠൻ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇയാൾ നല്കിയ വിവരത്തെത്തുടർന്നാണ് കൊലപാതകം നടത്തിയതു ക്വട്ടേഷൻ സംഘമാണെന്നു പോലീസ് സ്ഥിരീകരിച്ചത്. തമിഴ്നാട് തേനി പ്രദേശത്തുള്ളവരാണ് പ്രതികളെന്ന് പോലീസ് സംശയിക്കുന്നു.