കുഷിനഗർ: ഉത്തർപ്രദേശിലെ കുഷിനഗറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനു മുന്നോടിയായി ഗ്രാമവാസികൾക്കു ജില്ലാ ഭരണകൂടം സോപ്പും ഷാന്പൂവും വിതരണം ചെയ്തു. സംസ്ഥാനത്ത് എൻസിഫാലിറ്റിസ് നിർമ്മാർജ്ജന ക്യാന്പയിൻ ഉദ്ഘാടനം ചെയ്യാനായിരുന്നു ആദിത്യനാഥ് കുഷിനഗറിലേത്തിയത്. നല്ല മണം വരുന്നതിനായി യോഗത്തിൽ പങ്കെടുക്കുന്ന എല്ലാവരും കുളിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മുഷഹാർ വിഭാഗത്തിൽപ്പെട്ടവരാണ് വാക്സിനേഷൻ ക്യാന്പയിനിൽ പങ്കെടുത്തത്. അഞ്ച് കുട്ടികൾക്കു പ്രതിരോധ മരുന്നു നൽകി മുഖ്യമന്ത്രി ക്യാന്പയിനു തുടക്കം കുറിച്ചു. മേയ് 25 മുതൽ ജൂണ്‍ 11 വരെ 88 ലക്ഷം കുട്ടികൾക്കു മരുന്നു നൽകുവാനാണ് പദ്ധതി. ഒരു കോടി വാക്സിനുകളാണ് കേന്ദ്രസർക്കാർ 38 ജില്ലകളിൽ വിതരണം ചെയ്യുവാൻ നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പരിപാടിക്കു മുന്നോടിയായി റോഡുകൾ നന്നാക്കുകയും ശുചിമുറികൾ സ്ഥാപിക്കുകയും തെരുവുകളും ഗ്രാമങ്ങളും വൃത്തിയാക്കുകയും ചെയ്തു.