ബദിയഡുക്ക: പർദ ധരിച്ചെത്തിയ യുവതി പരിഭ്രാന്തി പരത്തി. പോലീസ് പിടിലായ യുവതിയെ മഹിളാ മന്ദിരത്തിലേക്കു മാറ്റിയെങ്കിലും ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം ബദിയഡുക്ക മൂക്കംപാറയിലാണു സംഭവം. പർദ ധരിച്ചെത്തിയ യുവതി നക്സലേറ്റ് നേതാവാണെന്ന സംശയത്തിൽ പോലീസും വലഞ്ഞു. ബദിയഡുക്കയിലും പരിസരങ്ങളിലും വാർത്ത പരന്നു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ കാര്യം അന്വേഷിച്ചപ്പോൾ യുവതി കന്നഡയിലും ഹിന്ദിയിലും മറുപടി പറയുകയായിരുന്നു.
സംശയം തോന്നിയ നാട്ടുകാർ വിവരം തിരക്കിയപ്പോൾ താൻ മഞ്ജുളയാണെന്നും വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നുമായിരുന്നു മറുപടി. പർദ ധരിച്ചെത്തിയ യുവതി കർണാടകയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവാണെന്നു തെറ്റിധരിച്ചു വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തുന്നതിനിടയിൽ പർദ മാറ്റിയ യുവതി പുത്തൂർ ഭാഗത്തേക്കുള്ള ബസിൽ ഓടിക്കയറി. ബസ് പിന്തുടർന്ന പോലീസ് പെർളയിൽ ബസ് തടഞ്ഞു നിർത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ താൻ ബംഗളൂരു സ്വദേശിനിയാണെന്നും പേരു മഞ്ജുളയാണെന്നും നഴ്സായി ജോലി ചെയ്യുകയാണെന്നും യുവതി പോലീസിനോടു പറഞ്ഞു.
ബദിയഡുക്ക ബാഞ്ചത്തടൂക്ക സ്വദേശിയുമായ ഒരു യുവാവുമായി പ്രണയത്തിലാണെന്നും അയാളെ അന്വേഷിച്ച് വന്നതാണെന്നും യുവതി പറഞ്ഞു. യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഗൾഫിലാണെന്നു പോലീസ് കണ്ടെത്തി. വിവരം ബന്ധുക്കളെ അറിയിച്ചു ബന്ധുക്കളെത്തുന്നതുവരെ യുവതിയെ പരവനടുക്കം മഹിളാ മന്ദിരത്തിൽ പാർപ്പിച്ചു. ഇന്നലെ ഉച്ചയോടെ ബദിയഡുക്ക സ്റ്റേഷനിലെത്തിയ ബന്ധുക്കൾ യുവതിയെകൂട്ടി നാട്ടിലേക്കു മടങ്ങി.