കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ ഡ്രൈവർ അഞ്ചു വയസുകാരനെ പീഡിപ്പിച്ചെന്ന കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയുടെ വിധി. ഈ കേസിൽ ഇടക്കൊച്ചി സ്വദേശി കെ.എസ്. സുരേഷിനെ ഹാർബർ പോലീസ് മർദിച്ചെന്ന പരാതിയിൽ വിധി പറയുകയായിരുന്നു ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്.
പോലീസിന്റെ ക്രൂരമർദനത്തത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി സുരേഷിനു ജോലിക്കു പോകാൻ സാധിച്ചിട്ടില്ല. ഇതിനാൽ നഷ്ടപരിഹാരമെന്ന നിലയിൽ ആറാഴ്ചയ്ക്കുള്ളിൽ 10 ലക്ഷം രൂപ സർക്കാർ നൽകണം. സംഭവം നടക്കുന്പോൾ ഹാർബർ പോലീസ് സ്റ്റേഷനിൽ എസ്ഐയായിരുന്ന ജോസഫ് സാജൻ, എഎസ്ഐ ആയിരുന്ന പ്രകാശൻ, കോണ്‍സ്റ്റബിളായിരുന്ന രാജീവൻ എന്നിവരിൽ നിന്ന് ഈ തുക ഈടാക്കണമെന്നും വിധിയിൽ വ്യക്തമാക്കി. 50 ലക്ഷം രൂപ വരെ നഷ്ട പരിഹാരം ലഭിക്കുന്നതിനു പരാതിക്കാരന് അർഹതയുണ്ട്. ഇതിനായി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാമെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി.
എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ സംഭവത്തിന് എന്തുകൊണ്ടു ഹാർബർ പോലീസ് നടപടിയെടുത്തുവെന്നതിൽ ന്യായീകരണമില്ല. ഇത് പീഡനത്തിന് ഇരയായെന്നു പരാതി നല്കിയ കുട്ടിയുടെ പിതാവും ഹാർബർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം കാരണമാണെന്നു കമ്മീഷൻ വിലയിരുത്തുന്നു. പീഡനത്തിനിരയായ കുട്ടിയുടെ പിതാവും ഡ്രൈവറായ സുരേഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
സ്കൂൾ അധികൃതർ അനുവദിക്കാത്ത സ്റ്റോപ്പിൽ ബസ് നിർത്താനാവില്ലെന്ന സുരേഷിന്റെ നിലപാടാണ് തർക്കത്തിനു കാരണം. ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകി സുരേഷിനെ കസ്റ്റഡിയിലെടുത്തതെന്നു കംപ്ലെയിന്റസ് അഥോറിറ്റി കണ്ടെത്തി.
കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ട്. അച്ചടക്ക നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതൊഴിച്ചാൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ല. കൂടാതെ, ഒരു ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.കഴിഞ്ഞ വർഷം ജൂലൈ ഒന്നിനു കസ്റ്റഡിയിലെടുത്ത സുരേഷിനെ പോലീസ് ഗുരുതരമായി മർദിച്ചതിനു തെളിവുള്ളതായും അദ്ദേഹം വ്യക്തമാക്കി.
സത്യം ബോധ്യപ്പെട്ടതിൽ സന്തോഷം: സുരേഷ്
പള്ളുരുത്തി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽവച്ച് അഞ്ചു വയസുകാരനെ ഡ്രൈവർ പീഡിപ്പിച്ചെന്ന കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന പോലീസ് കംപ്ലെയിന്റ് അഥോറിട്ടിയുടെ വിധി, സുരേഷിനു ജീവിതത്തിലേക്കു തിരിച്ചുകയറാനുള്ള പിടിവള്ളിയായി. കേസുമായി ബന്ധപ്പെട്ട് ക്രൂരമായ പോലീസ് മർദനത്തിനിരയായ ഡ്രൈവർ സുരേഷ് ഇതുവരെ പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ സുരേഷിനു വീണ്ടും ജോലി ചെയ്യാന്‍ സാധിക്കൂ. ഭാര്യ മിനി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് പോയാണ് പ്രായമായ അച്ഛനും അമ്മയുമുള്‍പ്പെടെയുള്ള കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത്. വേദനകള്‍ക്കിടയിലും സത്യം ബോധ്യപ്പെട്ട് നീതിയുടെ വെളിച്ചം ജീവിതത്തിലേക്ക് കടന്നു വന്നതിലുള്ള സന്തോഷം സുരേഷ് മറച്ചുവയ്ക്കുന്നില്ല.