ഓട്ടോസ്പോട്ട്/ അജിത് ടോം
പേരുപോലെതന്നെ ഏവരും ആഗ്രഹിക്കുന്ന വാഹനമാണ് സ്വിഫ്റ്റ് ഡിസയർ. എന്നാൽ, സ്വിഫ്റ്റ് ഡിസയറായി പിറന്നെങ്കിൽ മൂന്നു തവണ ഉടച്ചുവാർത്തതോടെ സ്വിഫ്റ്റിന്റെ ലേബൽ ഇല്ലാതെതന്നെ ഡിസയർ ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. ഡിസയറിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങിയതോടെ ഡിസയർ മാരുതിയുടെ ശ്രദ്ധേയ മുഖമായി മാറുകയാണ്.
മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ എന്ന ബഹുമതി കുറേനാളായി സ്വന്തമാക്കി വച്ചിരിക്കുന്ന ഡിസയറിന്റെ വില്പനയ്ക്കു വീണ്ടും കുതിപ്പേകുന്നതാണ് ഡിസയറിന്റെ മൂന്നാം തലമുറ മോഡൽ.
പുറംമോടി: മുന്പു വരുത്തിയ മാറ്റങ്ങളിലെല്ലാം തൊട്ടു മുൻ മോഡലുകളുടെ ഛായ നിലനിർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തിറങ്ങിയ മോഡലിൽ തീർത്തും പുതിയ രൂപമാണ് വാഹനത്തിന്. മാരുതിയുടെ മറ്റു മോഡലുകളിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഡിസൈനിംഗാണ് മുൻഭാഗത്ത്. ഫോർഡിന്റെ ഫിഗോയിലുള്ളതിനോട് സാമ്യമുള്ള ഗ്രില്ലാണ് ഡിസയറിന്റെയും മുൻഭാഗത്ത്. ഗ്രില്ലിന്റെ ആവരണത്തിൽ അല്പം അകത്തേക്കു തള്ളി പ്ലാസ്റ്റിക്കിലാണ് ഗ്രില്ല് ഒരുക്കിയിരിക്കുന്നത്.
പ്രൊജക്ഷൻ ഹെഡ്ലാന്പാണ് മറ്റൊരു ആകർഷണം. ബോണറ്റ് പതിവിലും താഴ്ത്തിയിട്ടുണ്ട്. ഫോഗ് ലാന്പിന്റെ താഴെ ബന്പറിൽ ക്രോം സ്ട്രിപ്പുകളുള്ളത് മുൻഭാഗത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
വശങ്ങളിലേക്കു വരുന്പോൾ ബോഡിക്കു നീളമുണ്ടെന്നതൊഴിച്ചാൽ മാരുതിയുടെതന്നെ ഹാച്ച്ബാക്ക് മോഡലായ ബലേനോയോടു സാമ്യമുണ്ട്. ടെണ് ഇൻഡിക്കേറ്ററുകളോടു കൂടിയ റിയർ വ്യൂ മിററും ബ്ലാക്ക് ബി പില്ലറും വശങ്ങളെ അലങ്കരിക്കുന്നു. ഏറ്റവും ആകർഷകമായത് അലോയി വീലുകളാണ്. പ്രത്യേകം രൂപകല്പന ചെയ്ത ബ്ലാക്ക് ഫിനീഷിംഗ് അലോയി വീലാണ് വാഹനത്തിന്.
മാരുതിയുടെതന്നെ വിലക്കൂടിയ സെഡാനായ കിസാഷിയുടെ പിൻഭാഗത്തിനു സമാനമാണ് ഡിസയറിന്റെ പിൻവശം. എന്നാൽ, ടെയിൽ ലാന്പിൽ വേറിട്ട ഡിസൈനിംഗ് വരുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. പിൻഭാഗത്തെ ക്രോം സ്ട്രിപ്പ് ഇപ്പോൾ എല്ലാം മോഡലുകളിലും സാധാരണമാണെങ്കിലും ഹാച്ച്ഡോറിനോളം വലുപ്പമുള്ള വലിയ ക്രോം സ്ട്രിപ്പ് നല്കി ഡിസയർ വ്യത്യസ്തമാകുന്നു. ബന്പറിന്റെ താഴ്ഭാഗത്ത് നല്കിയിരിക്കുന്ന റിഫ്ലക്ഷനും പുതുമയാണ്. ഉയർന്ന പിൻഭാഗവും നന്നായി താഴ്ന്ന മുൻവശവുമായതിനാൽ കൂടുതൽ വേഗത്തിൽ പായാൻ വാഹനത്തിനു കഴിയും.
ഉൾവശം: കണ്ണഞ്ചിക്കുന്ന മാറ്റങ്ങളാണ് ഇന്റീരിയറിലുള്ളത്. സെന്റർ കണ്സോൾ, സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ തുടങ്ങി വാഹനത്തിനുള്ളിൽ കണ്ണെത്തുന്ന എല്ലാ സ്ഥലങ്ങളിലും മാറ്റങ്ങൾ വരുത്താൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.
ബ്ലാക്ക് ആൻഡ് വൈറ്റിൽ അലങ്കരിച്ചിരിക്കുന്ന വുഡൻ ഫിനീഷിംഗ് ലൈവുകളാണ് ഡാഷ്ബോർഡിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. വശങ്ങളിൽ ചതുരാകൃതിയിലുള്ള എസി വെന്റുകളും മധ്യഭാഗത്തായി രണ്ട് വെന്റുകളും ചേർന്ന് ത്രികോണം തീർക്കുന്നതും ഡാഷ്ബോർഡിന്റെ ആകർഷണീയതയുടെ ഭാഗമാണ്.
ടോപ്പ് എൻഡ് മോഡലിൽ ഏഴ് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോ കാർപ്ലേ തുടങ്ങിയ ആപ്ലിക്കേഷനുകൾ സപ്പോർട്ട് ചെയ്യുന്നതും ജിപിഎസ്, ബ്ലൂ ടൂത്ത്, ഓക്സിലറി, ഡിവിഡി തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുള്ള സിസ്റ്റമാണ് നല്കിയിരിക്കുന്നത്. എന്നാൽ, മറ്റു മോഡലുകളിൽ ഡിവിഡി, യുഎസ്ബി, ഓക്സിലറി തുടങ്ങിയവയുള്ള സാധാരണ സിസ്റ്റമാണുള്ളത്.
ആഡംബര കാറുകളിലേതിനു സമാനമായി വുഡൻ ഡിസൈനിംഗുള്ള സ്റ്റീയറിംഗ് വീലാണ് ഡിസയറിലും. ഫോണ്, സിസ്റ്റം എന്നിവ നിയന്ത്രിക്കാനുള്ള മൗണ്ട് കണ്ട്രോൾ സ്വിച്ചുകളും ഇതിലുണ്ട്.
വലിയ സീറ്റുകളും ഉയർന്ന ലെഗ് സ്പേസും പുതിയ ഡിസയറിലും ഒരുക്കിയിട്ടുണ്ട്. ടോപ് എൻഡ് മോഡലുകളിൽ പിൻനിര യാത്രക്കാർക്കും എസി വെന്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. പിന്നിൽ, മൂന്നു പേർക്ക് വിശാലമായി ഇരിക്കാം. കൂടാതെ ഡോറിന്റെ വശങ്ങളിലും മറ്റുമായി സ്റ്റോറേജ് സ്പേസും ഒരുക്കിയിരിക്കുന്നു. 378 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസുമുണ്ട്.
വലുപ്പം: 3995 എംഎം നീളവും 1735 എംഎം വീതിയും 1515 എംഎം ഉയരത്തിനുമൊപ്പം 163 എംഎം ഗ്രൗണ്ട് ക്ലിയറൻസ്.
എൻജിൻ: 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനുകളിൽ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്, മാന്വൽ ഗിയർബോക്സുകളിലാണ് വാഹനം എത്തുന്നത്.
സുരക്ഷ: സുരക്ഷാസംവിധാനത്തിൽ ഒരുപടി മുന്നിലെത്താനും ഡിസയറിനു സാധിച്ചിട്ടുണ്ട്. ബേസ് മോഡൽ മുതൽ ഡുവൽ എയർബാഗും എബിഎസ് ബ്രേക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടോപ്പ് എൻഡ് മോഡലിൽ എബിഎസിനു പുറമെ ഇബിഡി, റിവേഴ്സ് സെൻസർ, കാമറ എന്നിവയുമുണ്ട്.
മൈലേജ്: പെട്രോൾ മോഡലുകൾക്ക് 22 കിലോമീറ്ററും ഡീസൽ മോഡലുകൾക്ക് 28.04 കിലോമീറ്ററുമാണ് കമ്പനിയുടെ വാഗ്ദാനം.