കുവൈത്തിൽ പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാൽ പിഴ

2017may27ramzan

കുവൈത്ത് : റംസാൻ നോന്പിനിടെ പകൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകി. വിശുദ്ധ മാസത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 100 ദിനാർ പിഴയോ ഒരുമാസം തടവോ രണ്ടുംകൂടി ചേർത്തോ ആകും ശിക്ഷയെന്നു മന്ത്രാലയം മീഡിയ ആൻഡ് പിആർ ഡയറക്ടർ ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ് അറിയിച്ചു.

രാജ്യത്തെ സ്വദേശികളും വിദേശികളും റംസാന്‍റെ പവിത്രത കാത്തുസൂക്ഷിക്കണം. പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുക വലിക്കുകയോ ചെയ്യരുതെന്നും വിശുദ്ധ മാസത്തെ അപകീർത്തിപ്പെടുത്തുന്ന പെരുമാറ്റങ്ങൾ ഉണ്ടാകുവാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.

റംസാനിൽ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നത് ഉൾപ്പടെയുള്ള ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്കു നിയന്ത്രണത്തിന് ഇഫ്താറിനോട് അനുബന്ധിച്ച സമയത്ത് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനു രാജ്യവ്യാപകമായി കൂടുതൽ പട്രോളിംഗ് സംഘത്തെയും വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related posts