കളമശേരി: തോക്ക് ചൂണ്ടി മേഘാലയയിലെ പെട്രോള്‍ പമ്പില്‍നിന്നു 2.5 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ കളമശേരിയില്‍ അറസ്റ്റിലായ ഇതരസംസ്ഥാനക്കാര്‍ ബോഡോ തീവ്രവാദികളെന്നു സംശയം. പെട്രോൾ പമ്പില്‍ മോഷണത്തിനായെത്തിയ സംഘം ആകാശത്തേക്കുതിര്ത്ത വെടിയുണ്ടകള്‍ ആസാമിലെ ബോഡോ തീവ്രവാദികളുടെ കൈയില്‍ കാണുന്ന തരം തോക്കില്‍ ഉപയോഗിക്കുന്നതാണെന്നതിനാല് പ്രതികള്‍ക്കു തീവ്രവാദികളുമായി ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി മേഘാലയ പോലീസ് പറയുന്നു. എകെ 47, എം 9 എംഎം റൈഫിള്‍സ് എന്നിവ ഉപയോഗിച്ചാണു നിറയൊഴിച്ചത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച വെടിയുണ്ടകളില്‍ നിന്നാണ് ഇത് മനസിലായത്. ആസാം സ്വദേശികളായ ശ്രീ റോഡു രാം ചോറി, ദീപുള് ഡൈമാറി എന്നിവരെയാണു കളമശേരിയിലെ വാടകവീട്ടില്‍നിന്നു പിടികൂടിയത്. കളമശേരി സെന്റ് ജോര്‍ജ് പള്ളിക്കു സമീപമുള്ള വാടകവീട്ടില്‍ ഇതര സംസ്ഥാനക്കാരോടൊപ്പം താമസിക്കുകയായിരുന്നു ഇവര്‍.
മേഘാലയയിലെ ഈസ്റ്റ് ജന്ഡിയ ഹില്‍സ് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ മോഷണം നടത്തിയ ശേഷം ഫെബ്രുവരിയില്‍ സംഘം കേരളത്തിലേക്കു കടക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. എന്നാല്‍, ഇവര്‍ കേരളത്തിലെത്തിയ ശേഷം വീട്ടിലേക്കു വിളിച്ച ഫോണ്‍കോളുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മേയ് ഏഴിനാണ് സംഘം കളമശേരിയില്‍ എത്തിയതെന്നു കളമശേരി സിഐ എസ്. ജയകൃഷ്ണന് പറഞ്ഞു. 11 മുതല്‍ പ്രദേശത്തെ ബാറ്ററിക്കടയില്‍ ഇവര്‍ ജോലി ചെയ്തിരുന്നു.പ്രതികള്‍ക്കെതിരേ കേരളത്തിലെ കേസുകളൊന്നുമില്ലെന്നും വ്യക്തമായ തിരിച്ചറിയല്‍ രേഖയുണ്ടായതിനാലാണ് ആരും സംശയിക്കാതിരുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളെ കാക്കനാട് കോടതി മൂന്നു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
മേഘാലയയിൽ കഴിഞ്ഞ ഫെബ്രുവരില്‍ ബൈക്കില്‍ എത്തിയ സംഘം ആകാശത്തേക്കു വെടിയുതിര്‍ത്ത ശേഷം പെട്രോള്‍ പമ്പില്‍നിന്നു രണ്ടര ലക്ഷം രൂപ കവര്‍ന്നതായാണ് കേസ്. പ്രതികളെ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു വിധേയരാക്കിയശേഷമാണു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. നാളെ പ്രതികളെ വിമാനത്തില്‍ മേഘാലയയിലേക്ക് കൊണ്ടുപോകും.
ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ പരിശോധന തുടരും: എം.പി. ദിനേശ്
കൊച്ചി: മേഘാലയില്‍ മോഷണം നടത്തിയ ശേഷം കേരളത്തിലേക്കു കടന്ന തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ അറസ്റ്റിലായതിനെത്തുടര്‍ന്നു ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ പരിശോധനകള്‍ വ്യാപിപിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്. മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകൃത്യം നടത്തിയ ശേഷം കേരളത്തിലേക്കു കടക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സ്ഥിതിയില്‍ പരിശോധനകള്‍ കര്‍ശനമാക്കും. ഇതരം സംസ്ഥാനക്കാര്‍ കൂട്ടമായി താമസിക്കുന്ന ക്യാമ്പുകള്‍, വാടക വീടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാവും കൂടുതല്‍ പരിശോധനകളെന്നും അദ്ദേഹം പറഞ്ഞു.