കടയ്ക്കാവൂര്‍: മദ്യപിച്ച് റോഡില്‍ക്കിടന്നയാളെ തലയ്ക്കടിച്ച് കൊ ലപ്പെടുത്തിയയാൾ പിടിയിലായി. കുളത്തിന്‍കര വീട്ടില്‍ ശശി (66) യെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടയക്കോട് കോളനിയില്‍ താമസിക്കുന്ന ആനന്ദന്(65) നെയാണ് ശശി തലയ്ക്കടിച്ച് പരിക്കേൽപിച്ചത്. ഇയാൾ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ഉച്ചയോടെയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ ശശിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കുറച്ചുനാള്‍ മുമ്പ് മദ്യലഹരിയില്‍ റോഡരികില്‍ കിടന്ന ശശിയെ ആനന്ദന് വലിച്ചിഴച്ചിരുന്നു. ഇത് പറഞ്ഞ് നാട്ടുകാര്‍ ശശിയെ നിരന്തരം കളിയാക്കിയിരുന്നു. കൂടാതെ സ്വന്തം മകളുടെ മരണത്തിനുത്തരവാദി ശശിയാണെന്ന് ആനന്ദന് ആരോപിക്കുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.
റോഡരികില്‍ മദ്യപിച്ച് കിടന്ന ആനന്ദനെ ശശി തേങ്ങ കൊണ്ട് തലയ്ക്കടിച്ചശേഷം തള്ളി തോട്ടിലേയ്ക്കിടുകയായിരുന്നു. അബോധാവസ്ഥയിലായ ആനന്ദന് ഒടുവില്‍ ആശുപത്രിയില്‍ മരിച്ചു. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. തുടര്‍ന്നാണ് ആനന്ദനെ ശശി മര്‍ദിക്കുന്നത് കണ്ടെന്ന് സമീപവാസിയായ ഒരാള്‍ പോലീസിനെ അറിയിച്ചത്. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ആനന്ദനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കടയ്ക്കാവൂര്‍ സിഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തില്‍ എസ്ഐ എ.എം. സഫീര്‍, അഡീഷണല്‍ എസ്ഐമാരായ ജ്യോതികുമാര്‍, മണികണ്ഠന് നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.