മലയാളികളുടെ പേടിസ്വപ്നമാണ് തെരുവുനായ. ദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരത്ത് തെരുവ് നായ്ക്കള്‍ ഒരാളെ കടിച്ചുകീറി കൊന്നത്. കാല്‍നട യാത്രക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും തെരുവ് നായ്ക്കളുടെ ആക്രമണമാണ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് മുതിര്‍ന്നവര്‍ക്ക് പോലും രക്ഷയില്ലെന്നിരിക്കെയാണ്, ഒരു കൂട്ടം തെരുവ് നായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട അഞ്ചു വയസുകാരന്റെ വീഡിയോ വൈറലായിരിക്കുന്നത്. ഹൈദരാബാദിലെ കുകട്ട്പള്ളിയിലെ റോഡരികിലുള്ള സിസിടിവിയില്‍ റെക്കോഡ് ചെയ്യപ്പെട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് തെരുവ് നായ്ക്കള്‍ പാഞ്ഞടുക്കാന്‍ ശ്രമിച്ചത്. തെരുവ് നായ്ക്കളെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടെങ്കിലും അഞ്ചുവയസുകാരന് നായ്ക്കള്‍ക്ക് നേരെ ശബ്ദമുണ്ടാക്കിയും ആട്ടിയോടിക്കാന്‍ ശ്രമിച്ചും അവിടെതന്നെ നിന്നു. പിന്നീട് കൂടുതല്‍ നായ്ക്കള്‍ കുരച്ച് ചാടിയപ്പോളും ബാലന് ധീരമായാണ് നേരിട്ടത്. ഹൈദരാബാദ് ജയിംസ് ബോണ്ട് എന്ന തലക്കെട്ടോടെ സാക്ഷി ഖന്ന എന്ന യുവതിയാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധിപേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അഞ്ചുവയസുകാരന്റെ ധീരതയെ അഭിനന്ദിച്ചവര്‍ അവന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്നും അഭിപ്രായപ്പെടുന്നു.