ഫ്ളോറിഡ: മദ്യപിച്ചു വാഹനമോടിച്ച ഗോൾഫ് താരം ടൈഗർ വുഡ്സ് പോലീസ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ ഫ്ളോറിഡ ജൂപ്പിറ്റർ ഐലന്റിലെ വീടിനടുത്തുനിന്നാണ് വുഡ്സ് പിടിയിലായത്. പുലർച്ചെ മൂന്നു മണിയോടെ വുഡ്സിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. പിന്നീട് ഉച്ചയോടെ അദ്ദേഹത്തെ വിട്ടയച്ചു.
മുൻ ലോക ഒന്നാം നന്പർ ഗോൾഫ് താരമായ ടൈഗർ വുഡ്സ് ഫെബ്രുവരിയിൽ ഒമേഗ ദുബായ് ഡെസേർട്ട് ക്ലാസിക്കിൽനിന്നു പിൻമാറിയശേഷം മറ്റു ടൂർണമെന്റുകളിലൊന്നും പങ്കെടുത്തിട്ടില്ല. ഏപ്രിലിൽ വുഡ്സ് പുറംവേദനയെ തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. മൂന്നു വർഷത്തിനിടെ ഇത് നാലാം തവണയാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. –