മുംബൈ: കന്പോളത്തിലെ ഭൂരിപക്ഷം ഓഹരികൾക്കും വില ഇടിഞ്ഞെങ്കിലും സൂചികകൾ കുതിച്ചു. സൂചികാധിഷ്ഠിത ഓഹരികൾ നോക്കി നിക്ഷേപകർ നീങ്ങിയതാണു സെൻസെക്സിനും നിഫ്റ്റിക്കും ഗുണമായത്.
ബിഎസ്ഇയിൽ 1,799 ഓഹരികൾ താഴോട്ടു പോയപ്പോൾ 861 എണ്ണത്തിനു വില കയറി. 193 എണ്ണം മാറ്റമില്ലാതെ തുടർന്നു. സെൻസെക്സ് 81 പോയിന്റ് കയറി 31,109ലും നിഫ്റ്റി 10 പോയിന്റ് കൂടി 9,604ലും ക്ലോസ് ചെയ്തു. സെൻസെക്സ് 31,214 വരെ എത്തിയിട്ടാണു താഴ്ന്ന് ക്ലോസ് ചെയ്തത്.
ബിഎസ്ഇ മിഡ് കാപ് സൂചിക ഒരു ശതമാനവും സ്മോൾ കാപ് സൂചിക 1.5 ശതമാനവും താണു. ബാങ്ക് ഫാർമസ്യൂട്ടിക്കൽ ഓഹരികൾ ഇന്നലെയും താഴോട്ടായിരുന്നു. സൺ ഫാർമയുടെ വില 13.2 ശതമാനം വരെ താണിട്ട് 12 ശതമാനം താഴ്ചയിൽ ക്ലോസ് ചെയ്തു.
മാർച്ചിലവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ ലാഭം 14 ശതമാനം താണതും അമേരിക്കയിലെ മരുന്നുവില്പന കുറയുമെന്ന മുന്നറിയിപ്പും ഇടിവിനു കാരണമായി. അനിൽ അംബാനിയുടെ ഗ്രൂപ്പ് കന്പനികൾക്കു കനത്ത തിരിച്ചടിയായി.ലാഭത്തിൽ 33 ശതമാനം ഇടിവു കാണിച്ച ടെക് മഹീന്ദ്ര ഓഹരി 11 ശതമാനം താഴോട്ടു പോയി.