sമറ്റു നടീനടന്മാരെ പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. തന്റെ ഗ്ലാമര്‍ വേഷങ്ങളും നടി സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ നടി ഷെയര്‍ ചെയ്തിരുന്നു. ‘മിനിവെക്കേഷന്‍ തുടങ്ങി’എന്നായിരുന്നു നടി ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയത്. എന്നാല്‍ ഈ ചിത്രം കുറച്ച് കടന്നുപോയെന്നായിരുന്നു ചിലരുടെ വിമര്‍ശനം. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളില്‍ നിന്നാണ് പഠിക്കുന്നതെന്നും ഒരു വിമര്ശകന് ചിത്രത്തിന് താഴെ കമന്റ് ചെയ്തു. എത്രനാള്‍ നാഗചൈതന്യ ഇത്തരം ബുദ്ധിശൂന്യതകള്‍ കണ്ട് മിണ്ടാതിരിക്കുമെന്നും ഈ ചിത്രത്തിന് താഴെ ആരാധകന് കുറിച്ചു.
ഈ കമന്റ് സമാന്തയ്ക്ക് അത്ര പിടിച്ചില്ല. ഉടന്‍ തന്നെ നടി ചുട്ടമറുപടിയുമായി രംഗത്തെത്തി. തലമുറ അവരുടെ കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവര്‍ ധരിക്കുന്ന വസ്ത്രം നോക്കിയാകരുതെന്നും സമാന്ത മറുപടിയായി പറഞ്ഞു. നിങ്ങളുടെ വില കുറഞ്ഞചിന്താഗതിയില് പുച്ഛം തോന്നുന്നുവെന്നും സമാന്ത പറഞ്ഞു. കൂടാതെ ഈ കമന്റ് പോസ്റ്റ് ചെയ്ത വിദ്വാനെ നടി ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതുകൊണ്ടാണ് ട്വിറ്ററിലെ ബ്ലോക് ബട്ടന് താന്‍ ഇഷ്ടപ്പെടുന്നതെന്നും അടുത്ത സെക്കന്‍ഡില്‍ ഇയാള്‍ ഇല്ലാതാകുമെന്നും സമാന്ത ട്വീറ്റ് ചെയ്തു.
എന്നാല്‍ അതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിച്ചില്ല. സമാന്തയുടെ മറുപടിക്കെതിരെ ഈ വിമര്ശകന് വീണ്ടും രംഗത്തെത്തി. എനിക്ക് ഒരു പുതിയ പാഠം പഠിപ്പിച്ചു തന്നതിന് നന്ദിയുണ്ടെന്നും നിങ്ങള്‍ ഇന്ന് സൃഷ്ടിച്ച വിവരക്കേടിനുള്ള ഫലം എന്താണെന്ന് എനിക്ക് അറിയണമെന്നും ഇയാള്‍ പറയുന്നു. ആരാധകര്‍ എന്നാല്‍ നിങ്ങളുടെ സൗന്ദര്യം വാഴ്ത്തുന്നവര്‍ മാത്രമല്ലെന്നും ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പമുള്ളവര്‍ നാളെ തള്ളിപ്പറയുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി സമാന്ത എന്റെ ജീവിതത്തിന്റെ ഭാഗമല്ലെന്നും അഹങ്കാരവും അമിത ആത്മവിശ്വാസവും നിറഞ്ഞ യുവതി ഇറങ്ങിപ്പോകൂ എന്നും ഈ ആരാധകന് സ്വന്തം അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. സമാന്തയുടെ കടുത്ത ആരാധകന് കൂടിയായിരുന്നു ഈ വിമര്‍ശകനെന്ന് മറ്റൊരു വസ്തുത. ഈ ട്വീറ്റ് ചെയ്തതിന് ശേഷം ആരാധകന് മനംനൊന്ത് സ്വന്തം അക്കൗണ്ടും ഡിലീറ്റ് ചെയ്തു. ഇതോടെ ആരാധകനെ കരയിച്ച സാമന്ത എന്ന പേരില്‍ സംഭവം സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.