തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട ചാനൽ പ്രവർത്തക നൽകിയ ഹർജിയിൽ മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരേ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരായ നിയമപ്രകാരമാണു കേസെടുത്തത്.
പരമാവധി മൂന്നു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു ശശീന്ദ്രനെതിരേ ചുമത്തിയിട്ടുള്ളത്. ജൂലൈ 28നു പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്നു സാക്ഷികളുടെ മൊഴി പ്രാരംഭമായി കോടതി രേഖപ്പെടുത്തിയിരുന്നു. ഇവർ മൂന്നു പേരും മുൻ മന്ത്രി അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണു മൊഴി നൽകിയത്.
ഔദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോടു മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം. ഫോണ്‍കെണി വിവാദത്തിൽപ്പെട്ട എ.കെ. ശശീന്ദ്രൻ മാർച്ച് 26നു മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അതിനു ശേഷമാണ് ശശീന്ദ്രനെതിരേ പരാതിയുമായി വിവാദത്തിൽപ്പെട്ട മാധ്യമപ്രവർത്തക കോടതിയെ സമീപിച്ചത്.