കട്ടപ്പന: കശാപ്പിനു വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെ കാർഷിക മേഖലയിൽ പ്രതിസന്ധിയും അമർഷവും ശക്തം. കന്നുകാലികളെ വളർത്താനും വിൽക്കാനും സാധിക്കാത്ത സാഹചര്യമാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കാർഷികാവശ്യത്തിനുള്ള കന്നുപരിപാലനം തടസപ്പെടുത്തുന്നില്ലെന്നു സർക്കാർ വിശദീകരണം നൽകുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ വൻ പ്രതിസന്ധി തന്നെയാണ്. ക്രയവിക്രയം ബുദ്ധിമുട്ടാകുന്പോൾ ഈ രംഗം വിടാൻ സാധാരണക്കാർ നിർബന്ധിതരാകും.
ക്ഷീരമേഖല ഉപജീവന മാർഗമാക്കിയ ലക്ഷക്കണക്കിനു കർഷകർ ഉള്ള സംസ്ഥാനത്ത് കറവ മാടുകളെ ഉത്പാദന ക്ഷമതയുടെ സ്ഥിതി നോക്കി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതു കാർഷിക മേഖലയിലെ സാധാരണ രീതിയാണ്. കൃഷിക്കാരന്റെ ജീവിതാവസ്ഥയും സ്ഥലവിസ്തീർണവും നൽകി മാടുകച്ചവടം പ്രായോഗികമല്ല.
കാളവണ്ടികളും കണ്ടം പൂട്ടലുകളും ഉണ്ടായിരുന്ന കാലഘട്ടത്തിൽ കാളകളെയും പോത്തുകളെയും അതിനുപയോഗിക്കുമായിരുന്നെങ്കിലും ഇന്ന് ഇതിനു തീരെ പ്രസക്തിയില്ല. ആണ് കിടാരികളെയും പോത്തു കിടാക്കളെയും ഇറച്ചിക്കായി വളർത്തുകയാണു സാധാരണയായി കേരളത്തിൽ നടപ്പിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുപോലും പോത്തു കിടാക്കളെ വിലയ്ക്കുവാങ്ങി വളർത്തി ഇറച്ചിക്കായി വിൽക്കുന്ന വലിയ ബിസിനസുതന്നെ കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ആയിരക്കണക്കിനു പോത്തുകൾ കേരളത്തിൽ ഇപ്പോഴുണ്ട്.
കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കശാപ്പിനായി കന്നുകാലികളെ കേരളത്തിൽ എത്തിക്കുന്നത്. ഇതു നിലയ്ക്കുന്നതോടെ അവിടെയുള്ള കർഷകരും വലിയ പ്രതിസന്ധിയിലാകും. അവിടെ കൃഷി ഉപയോഗം കഴിഞ്ഞ മാടുകളാണ് ഇറച്ചിക്കായി കേരളത്തിലെത്തിക്കുന്നത്.
ആവശ്യം കഴിഞ്ഞ കന്നുകാലികളെ സ്വതന്ത്രമായി വിൽക്കാൻ കഴിയാത്ത സാഹചര്യം വരികയാണെങ്കിൽ അവയെ തെരുവിലേക്ക് ഇറക്കിവിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു. കർഷകർ അങ്ങനെയൊരു നിലപാടു സ്വീകരിച്ചാൽ തിരക്കിൽ വിഷമിക്കുന്ന പട്ടണങ്ങളുടെ സ്ഥിതി അതീവ ഗുരുതരമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇപ്പോൾ തെരുവുനായകൾ അലയുന്നതിനേക്കാൾ ഗുരുതര പ്രത്യാഘാതമായിരിക്കും ഇതു നാട്ടിൽ സൃഷ്ടിക്കുക. പുതിയ ഉത്തരവ് മാധ്യമങ്ങളിൽ വന്നപ്പോൾ തന്നെ പലേടത്തും മാടു കച്ചവടവും കൈമാറ്റവും സ്തംഭിച്ച നിലയിലാണ്. പലേടത്തും ഇറച്ചിവിലയും കൂടി.