മാവേലിക്കര: നിലംനികത്തി നിർമാണം നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിപിഎം പ്രവർത്തകർ ഇരുചേരിയിലായി സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്കുപാട്ടത്തിൽ ജംഗ്ഷനു തെക്കുഭാഗത്തെ പാടശേഖരത്തെ നിർമാണത്തെ ചൊല്ലിയാണ് തർക്കം. പോലീസും സിപിഎം നേതൃത്വവും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഒരുവിഭാഗം പ്രവർത്തകരുടെ എതിർപ്പിനെ മറികടന്ന് സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്തി.
പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിടാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ. ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ഭൂമി ആയതിനാൽ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട പാടശേഖരമാണിത്. പാടം വാങ്ങിയ തമിഴ്നാട് സ്വദേശി നിലം നികത്തി നിർമാണപ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചപ്പോഴാണ് ഒരാഴ്ചമുന്പ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടെ കൊടി കുത്തിയത്. പാർട്ടിയുമായി ആലോചിച്ചല്ല കൊടികുത്തിയതെന്നു പറഞ്ഞ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊടി എടുത്തുമാറ്റിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.
ഇതിനുമുന്പ് പാടത്തോടു ചേർന്ന കുറേഭാഗം ജെസിബി ഉപയോഗിച്ച് നികത്തിയിരുന്നു. പിന്നീട് നിർമാണം ആരംഭിക്കാൻ ശ്രമം നടന്നപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി കുത്തിയത്. ഇതു സംബന്ധിച്ച് പാർട്ടി ബ്രാഞ്ച് യോഗം ചേർന്നെങ്കിലും വ്യക്തമായ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവരെ സ്വാധീനിച്ചാണ് നിർമാണപ്രവർത്തനം നടത്താൻ ശ്രമമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇന്നലെ രാവിലെ നിർമാണപ്രവർത്തനം ആരംഭിച്ചപ്പോഴാണ് ഒരു വിഭാഗം സിപിഎം പ്രവർത്തകർ നിർമാണത്തിനെതിരേ രംഗത്തു വന്നത്. എന്നാൽ ലോക്കൽ കമ്മിറ്റിയിലെ ചില നേതാക്കൾ നിർമാണത്തെ അനുകൂലിച്ച് രംഗത്തു വരികയായിരുന്നു. സംഘർഷത്തിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിൽ പോലീസും സ്ഥലത്തെത്തി. പിന്നീട് സിപിഎം നേതാക്കൾ സമീപവസ്തുവിലെ സർവേനന്പർ ഉൾപ്പടെ ശേഖരിച്ച് റവന്യു വകുപ്പുമായി ബന്ധപ്പെട്ട് നിർമാണം നടത്താൻ അനുമതി വാങ്ങി. തുടർന്ന് നിർമാണപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
നിലം നികത്തലിനെ എതിർക്കുന്ന സിപിഎമ്മാണ് ചിലരുടെ താത്പര്യത്തിനു വഴങ്ങി നിർമാണപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും സമീപ പാടശേഖരങ്ങൾ നികത്താനും ഇത് കാരണമാകും. സിപിഎമ്മിലുണ്ടായ തർക്കം രൂക്ഷമായതിനെ തുടർന്ന് ഒരുവിഭാഗം പ്രവർത്തകർ പാർട്ടി വിടുമെന്ന സൂചനയാണ് നൽകുന്നത്. ഇതേസമയം പ്രശ്നം ഏരിയാ കമ്മിറ്റി ഗൗരവമായാണ് കണ്ടിട്ടുള്ളത്.