തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെതിരേ അഴിമതിയാരോപണം. പട്ടിത്തറ ഗവ. എല്‍പി സ്കൂള്‍ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75 ലക്ഷം രൂപ മുടക്കിയാണ് സ്കൂള്‍ ഹൈടെക്കാക്കിയത്. എന്നാല്‍ ആദ്യ മഴയില്‍ തന്നെ സ്കൂള്‍ കെട്ടിടം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം പട്ടിത്തറ ഗവ.എല്‍.പി സ്കൂളും ഹൈടെക്കായി മാറിയത്. 75 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍.
കെട്ടിടം പണിയുടെ തുടക്കം മുതല്‍ അഴിമതിയാണെന്നാണ് സിപിഎം പറയുന്നത്. കെട്ടിടത്തിന്റെ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് അത്യാധുനിക രീതിയിലായിരുന്നു നിര്‍മാണം. എന്നാല്‍, കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഹൈടെക് സ്കൂളിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിച്ചു. ഒരു വര്‍ഷത്തിനകം തന്നെ സ്കൂളിന്റെ ഭിത്തികളും വിണ്ടു തുടങ്ങി. സ്മാര്‍ട്ട് ക്ലാസ് റൂമുകളിലുള്പ്പടെ ജനലുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. നിര്‍മ്മാണ പിഴവ് മറച്ചുവെച്ചു കൊണ്ട് വിള്ളലുകള്‍ അടക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ തടസപ്പെടുത്തി. ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ കടന്നു കൂടിയതില്‍ അഴിമതിയുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് രക്ഷിതാക്കള്‍ ഉടന്‍ പരാതി നല്‍കും. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം, ആസ്തി വികസന ഫണ്ടില്‍ പണം ലഭ്യമാവാത്തത് മൂലമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതെന്നാണ് വിടി ബല്‍റാം എംഎല്‍എയുടെ വിശദീകരണം. അതേസമയം എംഎല്‍എയ്ക്കെതിരേ പ്രതിഷേധയോഗം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.