മലയാള സിനിമാലോകത്തിന് ഒരുകാലത്തും മറക്കാന്‍ സാധിക്കാത്ത അത്ഭുത പ്രതിഭയായിരുന്നു പ്രേം നസീര്‍. പ്രേം നസീറിനൊപ്പം 107 സിനിമകലില്‍ ഒന്നിച്ചഭിനയിച്ച നടിയാണ് ഷീല. ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ദിലീപ് കാവ്യ ജോഡി പോലെ. പ്രേക്ഷകര്‍ക്ക് അവരെ ജോഡികളായി കണ്ടാല്‍ മതിയായിരുന്നു അക്കാലത്ത്. എന്നാല്‍ കാലംമാറി. കാലപ്രവാഹത്തിനിടയില്‍ നസീര്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഷീല ഇടയ്ക്കിടെ വെള്ളിത്തിരയില്‍ തല കാണിച്ചുകൊണ്ടുമിരുന്നു. ഇതിനിടയില്‍ സ്വാഭാവികമായും മലയാള സിനിമ വളര്‍ന്നു. പുതിയ താരങ്ങള്‍, പുതിയ രീതികള്‍,ആര്‍ഭാടങ്ങള്‍ തുടങ്ങി പലതും. ഷീലയെപ്പോലെ ചുരുക്കം ചില ആളുകള്‍ക്കെ മലയാള സിനിമയിലെ ഈ രണ്ട് ലോകവും കാണാനും മനസിലാക്കാനും കഴിഞ്ഞിട്ടുള്ളു. നസീറിനെ ഉദാഹരണമാക്കി താന്‍ കണ്ട ആ രണ്ട് ലോകത്തെയും ഷീല വിലയിരുത്തുന്നതിപ്രകാരമാണ്.
സിനിമ കാണുന്നവര്‍ ഞങ്ങള്‍ ജോഡിയായി അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് പ്രൊഡ്യൂസേഴ്‌സ് അവരുടെ സിനിമയ്ക്കുവേണ്ടി ഞങ്ങളെ തിരഞ്ഞെടുത്തത്. ഷൂട്ടിംഗ് സെറ്റുകളില്‍ മരക്കസേരയാണ് അന്നത്തെകാലത്ത് ഇരിക്കാന്‍ തന്നിരുന്നത്. ചില സമയത്ത് ഈ കസേരകള്‍ ഷൂട്ടിംഗ് ആവശ്യത്തിനായി കൊണ്ടുപോകുകയും ചെയ്യും. തമിഴിലും തെലുങ്കിലും ഉള്ള നടീനടന്മാര്‍ സ്വന്തമായി പ്ലാസ്റ്റിക് നെയ്ത കസേര കൊണ്ടുവരികയാണ് പതിവ്. ആ കസേരയുടെ പുറകില്‍ എം ജി ആര്‍, ജയലളിത എന്നിങ്ങനെ എഴുതിയിട്ടുണ്ടാവും. അതില്‍ ആരും കയറി ഇരിക്കില്ല. ഞാന്‍ രണ്ട് കസേര വാങ്ങി. ഒന്നില്‍ പ്രേം നസീര്‍ മറ്റൊന്നില്‍ ഷീല എന്നും എഴുതി. നസീര്‍ സാറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ സാറിന് നാണക്കേട്. എന്തിനാ ഇതൊക്കെ അതൊന്നും നടക്കില്ല. മറ്റുള്ള ആളുകള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത സമയത്ത് നമുക്ക് കസേരയുടെ ആവശ്യമുണ്ടോ എന്ന്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം കസേര ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഓരോരുത്തര്‍ക്കും കാരവാനും സുരക്ഷാഉദ്യാഗസ്ഥരും തുടങ്ങി പല സൗകര്യങ്ങളുമുള്ളപ്പോള്‍ അന്ന് ഒരു കസേരയില്‍ ഇരിക്കാന്‍ പോലും അദ്ദേഹം മടിച്ചിരുന്നു. കൂടെയുള്ളര്‍ക്ക് ഇല്ലാത്ത സുഖസൗകര്യങ്ങളും ആര്‍ഭാടങ്ങളും എനിക്കും വേണ്ട എന്നു ചിന്തിക്കുന്ന ആളായിരുന്നു അദ്ദേഹം. ഷീല പറഞ്ഞുനിര്‍ത്തുന്നു.