അഗളി: നെല്ലിപ്പതി തോട്ടാപ്പുര നിവാസികളെ മുൾമുനയിൽ നിർത്തിവിറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കോടനാട്ട് എത്തിച്ചു. കാട്ടാനയെ പിടികൂടാൻ ഞായറാഴ്ച സന്ധ്യയോടെ വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളായ കുഞ്ചുവും മോഴയാന പ്രമുഖയും നെല്ലിപ്പതി ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപത്തെത്തി.
രാത്രിയോടെ തമിഴ്നാട്ടിൽനിന്നുള്ള രണ്ടു കുങ്കിയാനകൾകൂടി എത്തിച്ചേർന്നു. മയക്കുവെടി വിദഗ്ധരായ ഡോ. അരുണ് സഖറിയ, സീനിയർ വെറ്ററിനറി ഡോക്ടർ ജയകുമാർ, തമിഴ്നാട്ടിൽനിന്നുള്ള വെറ്ററിനറി വിദഗ്ധൻ ഡോ. മനോഹരൻ എന്നിവരും സ്ഥലത്തെത്തി.
മണ്ണാർക്കാട് ഡിഎഫ്ഒ ജയപ്രകാശ്, റേഞ്ച് ഓഫീസർമാരായ ഗണേശൻ, ഷരീഫ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകസംഘവും വയനാട്, മണ്ണാർക്കാട്, അഗളി പ്രദേശങ്ങളിലെ കാട്ടാനദ്രുതകർമസേനയും ആനപിടിത്തത്തിനു ജാഗരൂകരായി. രാത്രിമുതൽ പുലർച്ചെവരെ ദ്രുതകർമസേന വിഭാഗവും കാട്ടാനയെ പിന്തുടർന്നു.
പുലർച്ചെ അഞ്ചോടെ സാമ്പാർകോടുള്ള ജനതാപാർട്ടി ഭാരതയാത്രാ സെന്ററിന്റെ സമീപത്തെത്തിയ ആനയെ ദ്രുതകർമസേന വളഞ്ഞുനിർത്തിയശേഷം മയക്കുവെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ആന ശിരുവാണിപ്പുഴ കടന്ന് സാമ്പാർകോട് ഉൗരിനുസമീപം നിലയുറപ്പിച്ചു. തുടർന്നു കുങ്കിയാനകളെ വരുത്തി കാട്ടാനയെ ലോറിയിലേക്കു തള്ളിക്കയറ്റി അനങ്ങാനാകാത്തവിധം കെട്ടിനിർത്തി. പിന്നീട് കോടനാട്ടേക്കു കൊണ്ടുപോയി.
മാർച്ച് 20ന് അർധരാത്രിയോടെ ആദിവാസി വയോധികൻ പീലാണ്ടിയെ തോട്ടാപ്പുരയിൽ കൊലപ്പെടുത്തിയശേഷം ആഴ്ചകളോളം പല്ലിയറ, നെല്ലിപ്പതി, സാരംഗ് മല, മൂച്ചിക്കടവ് നിവാസികൾക്ക് പേടിസ്വപ്നമായി മാറുകയായിരുന്നു ഈ കാട്ടുകൊമ്പൻ. പീലാണ്ടിയുടെ മൃതദേഹം തടഞ്ഞുവച്ച് സമരം ചെയ്ത നാട്ടുകാർക്കു മുമ്പിൽ പ്രശ്നക്കാരനായ കാട്ടാനയെ മയക്കുവെടിവച്ചു മാറ്റുന്നതടക്കമുള്ള വാഗ്ദാനങ്ങൾ വകുപ്പുമന്ത്രിയും സബ് കളക്ടറും ഡിഎഫ്ഒയും നല്കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ഇതിനിടെ കാട്ടാനയെ പിടികൂടാൻ വനംഅധികൃതർ നടത്തിയ ശ്രമങ്ങൾ വിവിധ കാരണങ്ങളാൽ പരാജയപ്പെടുകയായിരുന്നു. രണ്ടുമാസത്തോളമായി വനപാലകരും കാട്ടാന ദ്രുതകർമസേന അഗളി വിഭാഗവും പ്രകോപനം സൃഷ്ടിക്കാതെ രാപ്പകൽ നിരീക്ഷണം നടത്തിവരികയായിരുന്നു.
കാട്ടാനയ്ക്ക് 28-30 വയസ് പ്രായംവരുമെന്നു ഡിഎഫ്ഒ ജയപ്രകാശ് പറഞ്ഞു. വേണ്ട പരിശീലനം നല്കി കുങ്കിയാനയാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്നും ഡിഎഫ്ഒ അറിയിച്ചു. വളരെ ലളിതവും വിജയകരവുമായാണ് കൂറ്റൻ കാട്ടാനയെ പിടികൂടാനായതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.