തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ ആവശ്യപ്പെട്ടിരുന്നു. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങൾക്കു കോൺഗ്രസ് എല്ലാവിധ പിന്തുണയും നൽകുമെന്നും ഹസൻ അറിയിച്ചിരുന്നു.
കശാപ്പ് നിയന്ത്രിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് എന്ത് അവകാശമാണുള്ളതെന്നും ചോദിച്ച ഹൈക്കോടതി, നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു നിർദേശവും നൽകിയിരുന്നു.