മാനന്തവാടി: ബ്രിട്ടീഷ് അധിനിവേശത്തിന്റെ സ്മാരകങ്ങളിലൊന്നായ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ച് ഏത് നിമിഷവും നിലംപൊത്തും. 1865 ൽ ആണ് ജില്ലാ ആശുപത്രി കുന്നിൽ പഴശി കുടീരത്തിനോട് ചേർന്ന് കെട്ടിടം നിർമിച്ചത്. ബ്രീട്ടീഷുകാർ ഇന്ത്യ വിട്ടതോടെ സർക്കാർ ഏറ്റെടുത്ത കെട്ടിടം രജിസ്ട്രാർ ഓഫീസായി പ്രവർത്തിച്ച് വരികയാണ്.
ഇത്രയും കാലത്തിനിടെ തനിമ നഷ്ടപ്പെടാതെ രണ്ട് തവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. നിലം ടൈൽസ് പാകുക മാത്രമാണ് മോടികൂട്ടലായി നടന്നത്. പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ മേൽക്കൂരയിലെ പട്ടിക ചിതലരിച്ച് ഓടുകൾ ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.
മഴക്കാലമാകുന്നതോടെ കെട്ടിടം ചോർന്നൊലിച്ച് വർഷങ്ങൾ പഴക്കമുള്ള രേഖകൾ നശിക്കാനിടയാക്കിയേക്കും. പ്രതിമാസം മുന്നൂറോളം ആധാരങ്ങൾ മാത്രം ഇവിടെ നടക്കുന്നുണ്ട്. എട്ട് ജീവനക്കാരാണ് ഓഫീസിൽ ജോലി ചെയ്യുന്നത്. ഇവർ ജീവൻ പണയം വച്ചാണ് ഓരോ ദിവസവും ഇവിടെ തള്ളിനീക്കുന്നത്.
ചുറ്റുമതിൽ ഉണ്ടെങ്കിലും പല ഭാഗങ്ങളും തകർന്ന നിലയിലാണ്. അറ്റകുറ്റപ്പണികൾക്കായി 525000 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഉദാസീനതമൂലം മഴക്ക് മുന്പ് അറ്റകുറ്റപ്പണി നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാൽ ഈ മഴക്കാലവും ഇവിടത്തെ ജീവനക്കാർക്ക് ദുരിതങ്ങൾ മാത്രം കൂട്ടിരുപ്പുകാരാകും.