തൃശൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ കെഎസ്ഇബിക്കു കിരീടം. ഇന്നലെ തൃശൂർ കോർപറേഷൻ സിന്തറ്റിക്ക് ടർഫ് മൈതാനത്തു നടന്ന കലാശപ്പോരാട്ടത്തിൽ എഫ്സി തൃശൂരിനെ 4-2നു തകർത്ത് കെഎസ്ഇബി ചാമ്പ്യന്മാർ.21-ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനു വിപരീതമായി എഫ്സി തൃശൂരാണ് ആദ്യഗോൾ നേടിയത്. നായകൻ പി.ടി. സോമി ബോക്സിനു വെളിയിൽനിന്ന് ഉതിർത്ത ലോംഗ്റേഞ്ചർ കെഎസ്ഇബിയുടെ വലയിലെത്തുകയായിരുന്നു. അഞ്ചുമിനിറ്റിനകം അലക്സിലൂടെ കെഎസ്ഇബി തിരിച്ചടിച്ചു.
കെഎസ്ഇബിയുടെ സ്ട്രൈക്കർമാർ തൃശൂരിന്റെ ബോക്സിലേക്ക് തുരുതുരാ ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ആദ്യപകുതിയിൽത്തന്നെ ഒരു ഗോൾ കൂടിയടിച്ച് കെഎസ്ഇബി മുന്നിലെത്തി. സജീവ്ഖാന്റെ ക്രോസിൽ ജോബി ജെസ്റ്റിനാണ് ലക്ഷ്യംകണ്ടത്. തൃശൂർ എഫ്സിയുടെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാംപകുതിയുടെ തുടക്കം.
എന്നാൽ 59-ാം മിനിറ്റിൽ ജോബി ജെസ്റ്റിന്റെ ഗോളിൽ കെഎസ്ഇബി ലീഡുയർത്തി. കോർണർകിക്കിൽനിന്ന് ഹെഡറിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. 72-ാം മിനിട്ടിൽ മുന്നേറ്റ താരം രാജേഷിന്റെ ഗോളിലൂടെ തൃശൂർ എഫ്സി കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 79-ാം മിനിറ്റിൽ മുഹമ്മദ് സഫാനിലൂടെ കെഎസ്ഇബിപട്ടിക പൂർത്തിയാക്കി.
കെഎസ്ഇബിയുടെ അലക്സാണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിലെ മികച്ച താരമായി സാറ്റ് തിരൂരിന്റെ സ്ട്രൈക്കർ ഷെഹീദിനെ തെരഞ്ഞെടുത്തു. ഫെയർ പ്ലേക്കുള്ള പുരസ്കാരം എഫ്സി കേരളയ്ക്ക് ലഭിച്ചു. ഫൈനലിനുമുമ്പു രാവിലെ എട്ടിനു നടന്ന സംസ്ഥാന അണ്ടർ-10 അക്കാദമി ഫുട്ബോൾ ഫൈനലിൽ കാലിക്കട്ട് യൂണിവേഴ്സൽ ക്ലബിനെ പരാജയപ്പെടുത്തി എളമക്കര അക്കാദമിയുടെ കുട്ടികൾ കിരീടം ചൂടി.
രണ്ടിനെതിരേ മൂന്നുഗോളിനായിരുന്നു വിജയം.വിജയികൾക്കു മേയർ അജിത ജയരാജൻ ട്രോഫി സമ്മാനിച്ചു. കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി. സണ്ണി വ്യക്തിഗത ട്രോഫികൾ സമ്മാനിച്ചു.