ഒടുവിൽ അതു സ്ഥിരീകരിച്ചു. കറൻസി റദ്ദാക്കൽ ഇന്ത്യയുടെ സാന്പത്തികവളർച്ചയ്ക്ക് ആഘാതമായി. 2016-17 ലെ സാന്പത്തികവളർച്ച (ജിഡിപി) തലേവർഷത്തെ എട്ടു ശതാമനത്തിൽനിന്ന് 7.1 ശതമാനമായി കുറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ആദ്യമാണ് ജിഡിപി വളർച്ചയുടെ തോത് കുറഞ്ഞത്.
പുതിയ മൊത്തവിലസൂചിക, വ്യവസായ ഉത്പാദനസൂചിക തുടങ്ങിയവ ഉണ്ടായ സാഹചര്യത്തിൽ ജിഡിപി കണക്കും പുതിയ അടിസ്ഥാനവർഷത്തേക്കു മാറ്റി. 2011-12 ആണ് പുതിയ അടിസ്ഥാനവർഷം.
കണക്ക് പുതുക്കി
ഇതനുസരിച്ച് 2012-13 മുതലുള്ള വർഷങ്ങളിലെ വളർച്ചാനിരക്ക് പുതുക്കി നിർണയിച്ചിട്ടുണ്ട്.
നാലാം ത്രൈമാസം ചതിച്ചു
പഴയ കണക്കനുസരിച്ച് 2016-17ലെ വളർച്ച 7.1 ശതമാനമാകുമെന്നാണ് ഫെബ്രുവരിയിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പറഞ്ഞത്. ഇപ്പോൾ പുതിയ കണക്കനുസരിച്ചും 7.1 ശതമാനം മാത്രം. മുൻവർഷത്തെ വളർച്ചത്തോത് കയറിയ തോതിലാണെങ്കിൽ 8.2 ശതമാനമെങ്കിലും വളരേണ്ടതായിരുന്നു. അതുണ്ടായില്ല.
കാരണം കറൻസി റദ്ദാക്കൽ മാത്രം. വർഷത്തിന്റെ രണ്ടാം പകുതിയിൽ വളർച്ച താഴോട്ടുപോയി. ജനുവരി-മാർച്ചിൽ വളർച്ച 6.1 ശതമാനം മാത്രം. ഒക്ടോബർ-ഡിസംബറിൽ ഏഴു ശതമാനം വളർന്നതാണ്. അതുതന്നെയും ആദ്യ പകുതിയിലെ 7.3 ശതമാനം വളർച്ചയെ അപേക്ഷിച്ചു കുറവാണ്. സാധാരണ ഒക്ടോബർ-മാർച്ച് പകുതിയിലാണ് വളർച്ചതോത് കൂടുക. അതു താഴോട്ടുപോയതു കറൻസി റദ്ദാക്കൽകൊണ്ടാണെന്ന് ഇപ്പോൾ സിഎസ്ഒ വഴി ഗവൺമെന്റ് സമ്മതിച്ചിരിക്കുന്നു.
പ്രതീക്ഷ പാളി
ഇന്നലെ പുതിയ സീരീസിലുള്ള ജിഡിപി കണക്ക് വരുന്പോൾ വളർച്ചയിൽ വലിയ കുതിപ്പ് കാണിക്കുമെന്നായിരുന്നു പ്രതീക്ഷ. മിക്ക നിരീക്ഷകരും 2015-ൽ 7.5 ശതമാനം, 2016-ൽ 8.3 ശതമാനം, 2017-ൽ 7.6 ശതമാനം എന്ന മട്ടിൽ കണക്ക് വരുമെന്നു പ്രതീക്ഷിച്ചു. അതനുസരിച്ചായിരുന്നു വാർത്തകളും വിശകലനങ്ങളും. നരേന്ദ്രമോദിയുടെ മാന്ത്രികവടി ഇന്ത്യയെ ഉയർന്ന വളർച്ചയിൽ എത്തിച്ചെന്നു കണക്കുകൾ കാണിക്കുമെന്നു കരുതിയവർക്കു നിരാശയായി.
ചൈനയ്ക്കു പിന്നിൽ
രണ്ടു വർഷത്തിനിടയിലെ ഏറ്റവും താണ വളർച്ചയിലേക്കു രാജ്യം ഒതുങ്ങിയപ്പോൾ മറ്റൊന്നു സംഭവിച്ചു. നമ്മുടെ സാന്പത്തികവളർച്ച ചൈനയ്ക്കു പിന്നിലായി. ഏറ്റവും വേഗം വളരുന്ന വലിയ സന്പദ്ഘടന എന്ന പേര് ഇന്ത്യക്ക് നഷ്ടമായി. ജനുവരി-മാർച്ച് ത്രൈമാസത്തിൽ ഇന്ത്യ വളർന്നത് 6.1 ശതമാനത്തിലാണെങ്കിൽ ചൈന വളർന്നത് 6.9 ശതമാനം തോതിൽ. 2014ലെ ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിലെ ആറു ശതമാനം വളർച്ചയ്ക്കു ശേഷമുള്ള ഏറ്റവും താണ വളർച്ചയാണ് ഇന്ത്യ കഴിഞ്ഞ ത്രൈമാസത്തിൽ കുറിച്ചത്. മൂന്നു വർഷം പൂർത്തിയാക്കിയ മോദി സർക്കാരിനു വലിയ തിരിച്ചടിയായി ഇത്.
എന്തായാലും കഴിഞ്ഞ കുറേ ജിഡിപി കണക്കുകളേക്കാൾ സത്യത്തോട് അടുത്തുനിൽക്കുന്നതാണ് ഇത്തവണത്തേതെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടി. ഫിലിപ് കാപ്പിറ്റലിലെ അഞ്ജലി വർമ പറഞ്ഞത്, “യാഥാർഥ്യത്തോട് മുൻ കണക്കുകളേക്കാൾ ഇത് പൊരുത്തപ്പെടുന്നുണ്ട്’ എന്നാണ്. ഷെയർഖാനിലെ ഗൗരവ് ദുവയും അതു പറഞ്ഞു.
വളർച്ചയെ താഴോട്ടു വലിച്ച ഘടകങ്ങളിൽ ഒന്നു മാത്രമാണ് കറൻസി റദ്ദാക്കൽ എന്ന് ചീഫ് സ്റ്റാറ്റിസ്റ്റീഷൻ ടി.സി.എ. അനന്ത് പറഞ്ഞു.
പലിശ കുറയില്ല
ജിഡിപി കണക്ക് പലിശനിരക്ക് കുറയ്ക്കാൻ പ്രേരണയാകില്ലെന്നാണ് എല്ലാവരും വിലയിരുത്തുന്നത്. അടുത്ത ബുധനാഴ്ചയാണ് റിസർവ് ബാങ്കിന്റെ പണനയ അവലോകനം.
റ്റി.സി.മാത്യു