ഇരിങ്ങാലക്കുട: ആർഎസ്എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത് സിപിഎം എംഎൽഎ വിവാദത്തിലായി. ഇരിങ്ങാലക്കുട എംഎൽഎ പ്രഫ. കെ.യു. അരുണനാണു വിവാദത്തിലകപ്പെട്ടത്. ആർഎസ്എസ് പുല്ലൂർ-ഊരകം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനത്തിലുമാണ് പ്രഫ. അരുണൻ പങ്കെടുത്തത്.
സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി എംഎൽഎയോടു വിശദീകരണം ആവശ്യപ്പെട്ടു. പാർട്ടി കീഴ്ഘടകത്തോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചിട്ടാണ് പോയതെന്നും എംഎൽഎ പറഞ്ഞു.