പട്ടിക്കാട്: ആറുവരി പാതയിൽ നിരന്തരം അപകടമുണ്ടാകുന്ന പട്ടിക്കാട് സെന്ററിൽ അടിപ്പാതയ്ക്ക് കോടികൾ അനുവദിച്ചിട്ടും കരാർ കന്പനി പണികൾ നടത്താത്തതിൽ പ്രതിഷേധം ഉയരുന്നു. നേരത്തെ പീച്ചി റോഡ് ജംഗ്ഷനിൽ മാത്രമാണ് അടിപ്പാത അനുവദിച്ചിരുന്നത്. എന്നാൽ മുൻ എംപി പി.സി.ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് കൂടുതൽ വാഹനങ്ങളും ആളുകളും ഇടമുറിയാതെ സഞ്ചരിക്കുന്ന പട്ടിക്കാട് ജംഗ്ഷനിലും അടിപ്പാത നിർമിക്കാനുള്ള അനുമതി നൽകിയതായി അന്നത്തെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.
ഇതിനായി 18.5 കോടി രൂപ പാസാക്കിയതായും വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം ദേശീയ പാത അഥോറിറ്റി പട്ടിക്കാട് സ്വദേശി വട്ടംകാട്ടിൽ വർഗീസിന് നൽകിയ മറുപടിയിലും പട്ടിക്കാട് ജംഗ്ഷനിൽ അടിപ്പാത നിർമിക്കാൻ അനുമതിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരാർ കന്പനി ഇതുവരെ ഇവിടെ അടിപ്പാത നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
ആറുവരി പാതയുടെ നിർമാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. പീച്ചി റോഡ് ജംഗ്ഷനിൽ അടിപ്പാത നിർമിക്കാനുള്ള പ്രാരംഭ നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പീച്ചി റോഡ് ജംഗ്ഷനിലും പട്ടിക്കാട് ജംഗ്ഷനിലും അടിപ്പാതകൾ നിർമിക്കാനാണ് ദേശീയ പാത അഥോറിറ്റി നൽകിയ പ്രോജക്ട്. രണ്ട് അടിപാതകൾക്കു പകരം ഫ്ളൈ ഓവർ നിർമിക്കാനുള്ള സാധ്യതയും പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
പക്ഷേ ഇവിടെ പീച്ചി റോഡ് ജംഗ്ഷനിൽ അടിപ്പാതയുടെ നിർമാണം തുടങ്ങിയതിനാൽ ഫ്ളൈഓവർ വേണ്ടെന്ന് വച്ചതായാണ് സൂചന. പട്ടിക്കാട് ജംഗ്ഷനിലെ അടിപ്പാതയുടെ നിർമാണം ആരംഭിച്ചിട്ടുമില്ല. അടിപ്പാതയുടെ നിർമാണം ഒന്നാം ഘട്ടത്തിൽ തന്നെ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തെത്താനാണ് പ്രദേശവാസികളുടെ തീരുമാനം. കരാർ കന്പനിയുടെ കള്ളക്കളിയാണ് ഇവിടെ നിർമാണം തുടങ്ങാത്തതിന്റെ പിന്നിലെന്നാണ് സംശയം ഉയരുന്നത്.