കാബൂൾ: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അഫ്ഗാനിസ്ഥാൻ താത്കാലികമായി ഉപേക്ഷിച്ചു. കാബൂൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിനകത്തും പുറത്തുമായി നടക്കേണ്ടിയിരുന്ന പരന്പരകളിൽനിന്ന് അഫ്ഗാനിസ്ഥാൻ പിൻമാറിയത്.
ഈ വർഷം ട്വന്റി 20 പരന്പരയ്ക്കായി അഫ്ഗാനിലേക്കു പോകാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പദ്ധതിയിട്ടിരുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായിരുന്നു പരന്പര ക്രമീകരിച്ചിരുന്നത്. അഫ്ഗാൻ ടീം പാക്കിസ്ഥാനിൽ സന്ദർശനം നടത്താനും തീരുമാനിച്ചിരുന്നു. പുതിയ തീരുമാനത്തോടെ രണ്ടു പരന്പരകളുടെയും ഭാവി അവതാളത്തിലായി.
കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനിലെ നയതന്ത്രമേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ കരുത്തരായ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചെങ്കിലും ഇസ്ലാമാബാദിന്റെ പിന്തുണയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് അഫ്ഗാനിസ്ഥാൻ ആരോപിക്കുന്നത്.
പുതിയ തീരുമാനത്തോടെ പാക് ക്രിക്കറ്റ് ടീം മേഖലയിൽ ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരുന്നു. ബംഗ്ലാദേശുമായുള്ള പാക്കിസ്ഥാന്റെ ക്രിക്കറ്റ് ബന്ധവും താത്കാലികമായി അവസാനിച്ച നിലയിലാണ്.