പാലക്കാട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന താത്പര്യം ഈ മേഖലയിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാനുള്ള രക്ഷിതാക്കളുടെ പ്രവണത ഇത്തവണ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നതായും എം.ബി.രാജേഷ് എംപി പറഞ്ഞു.
ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഷൊർണൂർ ഉപജില്ലയിലെ കയിലിയാട് എ.എൽ.പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായി സ്കൂൾ പ്രവേശനോത്സവങ്ങൾ മാറണമെന്നും ജാതി,മത,വർണ ഭേദമില്ലാതെ ലക്ഷക്കണക്കിന്– കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കടക്കുന്നതിനേക്കാൾ വലിയ ആഘോഷം ഇല്ല.അറിവിന്റെ ഉത്സവമാണ് ഓരോ പ്രവേശനോത്സവവും ഇതാണ് ഏറ്റവും വലിയ ഉത്സവമായി ആഘോഷിക്കപ്പെടേണ്ടത്.
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ സാമൂഹിക പരിഷ്കർത്താക്കൾക്കൊപ്പം പൊതുവിദ്യാലയങ്ങൾക്കും പങ്കുണ്ട്. സ്കൂളുകളിൽ നേരത്തെതന്നെ പുസ്തകം എത്തിക്കാൻ കഴിഞ്ഞതും നാലാം തരാം വരെ മുഴുവൻ കുട്ടികൾക്കും സർക്കാർ കൈത്തറി യൂണിഫോം വിതരണം ചെയ്തതും വിശദീകരിച്ച എം.പി. അടുത്തവർഷം മുതൽ ഹൈസ്കൂളിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതായും പറഞ്ഞു.
മികച്ച വിദ്യാഭ്യാസം ഒരുക്കുകയെന്നത് സർക്കാർ നയമാണെന്നും നല്ല വിദ്യാഭ്യാസമാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്നത് തിരിച്ചറിഞ്ഞാണ്– സർക്കാർ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. സ്കൂളിലെ പൂർണമായും ഡിജിറ്റലൈസ് ചെയ്ത ക്ലാസ് മുറികളും മുറ്റത്തൊരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ചടങ്ങിന് മാറ്റുകൂട്ടി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.സുധാകരൻ സ്മാർട്ട്– ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചളവറ ഗ്രാമപഞ്ചായത്ത്– പ്രസിഡന്റ് പി.വത്സല അധ്യക്ഷയായി. ഡി. ഡി. ഒ.(ഇൻചാർജ്) എം.ആർ. രോഹിണി ,എസ്എസ് എ. ജില്ലാ പ്രൊജക്റ്റ്– ഓഫീസർ പി.കൃഷ്ണൻ , സ്കൂൾ മാനേജർ കെ.വേണുഗോപാലൻ, തദ്ദേശ സ്ഥാപന ജനപ്രതിനിധികളും അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.