കൊച്ചി: പരിസ്ഥിതിസൗഹൃദ ഗതാഗതസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സൈക്കിൾ പദ്ധതിക്കു പരിസ്ഥിതി ദിനമായ അഞ്ചിനു തുടക്കമാകും. ചെറിയദൂര യാത്രയ്ക്കു സൈക്കിൾ എന്ന ആശയം മുൻനിർത്തിയാണു പദ്ധതി നടപ്പാക്കുന്നതെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു. യാത്രക്കാർക്കു സൗജന്യമായി സൈക്കിളുകൾ ഉപയോഗിക്കാം.
മെട്രോയ്ക്ക് അനുബന്ധമായി കെഎംആർഎലിന്റെ നേതൃത്വത്തിൽ സൈക്കിൾ ട്രാക്കുകൾ ഒരുക്കും. മെട്രോസ്റ്റേഷനുകൾ കേന്ദ്രീകരിച്ചു സ്ഥലം ലഭ്യമായ സ്ഥലങ്ങളിലാണു സൈക്കിൾ റാക്കുകൾ ഒരുക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിൽ നാലിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീടിത് മറ്റുസ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് പറഞ്ഞു.
എറണാകുളം മേനക, സൗത്ത് റെയിൽവേസ്റ്റേഷൻ, നോർത്ത് റെയിൽവേ സ്റ്റേഷൻ, കലൂർ-കടവന്ത്രറോഡ് എന്നിവിടങ്ങളിലാണ് ആദ്യം നടപ്പാക്കുക. സൈക്കിൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ സൈക്കിൾ ക്ലബിൽ അംഗത്വമെടുക്കണം. ഇതിനായി പണമൊന്നും ആവശ്യമില്ല. വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ മതി. ഓരോ തവണ സൈക്കിളെടുക്കുന്പോഴും തിരിച്ചുവയ്ക്കുന്പോഴും ഫോണിൽ സന്ദേശമയയ്ക്കണം.
ഇഷ്ടമുള്ള സ്ഥലത്തുനിന്നു സൈക്കിളെടുക്കാം. തിരിച്ചു റാക്കിൽ വയ്ക്കുന്പോൾ സൈക്കിൾ പൂട്ടിയെന്ന് ഉറപ്പിക്കുകയും വേണം. മാസം 100 മണിക്കൂർ ആണ് ഓരോരുത്തർക്കും സൈക്കിൾ ഉപയോഗിക്കാവുന്നത്. മേനക ജംഗ്ഷനു സമീപത്തുള്ള സൈക്കിൾ റാക്കിനോടു ചേർന്നു സംഘടിപ്പിക്കുന്ന ചടങ്ങിൽ ഏലിയാസ് ജോർജ് ഉദ്ഘാടനം ചെയ്യും. സൈക്കിൾ ക്ലബിന്റെ നേതൃത്വത്തിലാണിതു നടപ്പാക്കുന്നത്. അംഗത്വമെടുക്കുന്നതിനു പേര്, വിലാസം, ഇ-മെയിൽ ഐഡി, ജോലി എന്നിവ വ്യക്തമാക്കി 9645511155 എന്ന നന്പറിലേക്ക് സന്ദേശമയയ്ക്കണം.