സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവരുടെ വാര്‍ത്തകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥയെ തുറന്നു കാണിക്കുന്ന മറ്റൊരു കരളലിയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. വീല്‍ചെയറോ സ്ട്രച്ചറോ ലഭിക്കാഞ്ഞത് മൂലമാണ് രോഗിയായ ഭര്‍ത്താവിനെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ഭാര്യ നിര്‍ബന്ധിതയായത്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. രോഗം മൂലം എണീറ്റുനില്‍ക്കാനോ നടക്കാനോ സാധിക്കാത്ത തന്റെ ഭര്‍ത്താവിനെ ആശുപത്രിയുടെ തറയില്‍ക്കൂടി കാലില്‍പിടിച്ച് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്.
ഫാഹ്മിദ എന്ന സ്ത്രീയ്ക്കാണ് ഭര്‍ത്താവ് അമിര്‍ സാബിനെ എക്‌സ്-റേ എടുക്കുന്നതിനായി തറയില്‍ കൂടി വലിച്ചുകൊണ്ടുപോകേണ്ടിവന്നത്. ഭര്‍ത്താവിനെ എക്‌സ്-റേ എടുക്കാന്‍ കൊണ്ടുപോകുന്നതിന് സ്‌ട്രെചര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ദാരുണമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനെ താങ്ങിയെടുത്തുകൊണ്ടുപോകാനുള്ള ശേഷിയില്ലാത്ത ഫാഹ്മിദയെ സഹായിക്കാനും ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഭര്‍ത്താവിന്റെ കാലില്‍ പിടിച്ച് വലിച്ചുകൊണ്ടുപോവുക മാത്രമായിരുന്നു മാര്‍ഗ്ഗം. ഭര്‍ത്താവിനെ വലിച്ച് കൊണ്ടു പോകുന്ന ഫാഹ്മിദയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആന്ധ്രപ്രദേശിലും സമാനമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സ്ട്രച്ചര്‍ അനുവദിക്കാത്തതിനാല്‍ ആന്ധ്രാപ്രദേശിലെ അനന്തപുരില്‍ രോഗിയായ ഭര്‍ത്താവിനെ കൊച്ചുമകളുടെ കളിവണ്ടിയില്‍ ഇരുത്തി ആശുപത്രി വരാന്തിലൂടെ കൊണ്ടുപോയതും വാര്‍ത്തയായിരുന്നു.