പത്തനംതിട്ട: ടികെ റോഡിൽ പത്തനംതിട്ട നന്നുവക്കാട് ബിഷപ്സ് ഹൗസിനു സമീപം ഇന്നലെ രാത്രി അപകടമുണ്ടാക്കിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞുവെന്ന് പോലീസ്. ഇയാളെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. ഡ്രൈവർ പന്തളം സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് മദ്യപിച്ചതായി കണ്ടെത്തിയിരിക്കുന്നതെന്ന് പത്തനംതിട്ട എസ്ഐ പറഞ്ഞു. ഇയാളുടെ ബാഗിൽ നിന്ന് ചാരായവും കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ടയിൽ നിന്നു വഴിക്കടവിലേക്കു പുറപ്പെട്ട കഐസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് കോഴഞ്ചേരിയിൽ നിന്നു പത്തനംതിട്ട ഭാഗത്തേക്കു വന്ന പാഴ്സൽ ലോറിയിൽ ഇടിച്ചത്. ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. നിയന്ത്രണംവിട്ട ലോറി വൈദ്യുതിപോസ്റ്റിലിടിച്ച് ഓടയിലേക്കു മറിയുകയുമുണ്ടായി. ബസ് ഡ്രൈവർ മദ്യലഹരിയിലാണെന്ന സംശയത്തേ തുടർന്ന് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയിലാണ് പോലീസ് നടപടിയുണ്ടായത്. സാധാരണ നിലയിൽ അപകടമുണ്ടായാൽ കഐസ്ആർടിസി ഡ്രൈവർമാർ പരിശോധനകൾക്കു വിധേയമാകാതെ രക്ഷപെടുകയാണ് പതിവ്.
ഡ്രൈവർ ഗോപാലകൃഷ്ണൻ നായരെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞു കഐസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്നെത്തിയ മറ്റു ചില ജീവനക്കാർ ഡ്രൈവറുടെ ബാഗ് പരിശോധിച്ചതാണ് വിവാദമായത്. ബാഗിൽ നിന്നു കുപ്പി മാറ്റാനുള്ള ശ്രമം മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ജേക്കബിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. തുടർന്ന് ബഹളവും കൈയേറ്റ ശ്രമങ്ങളുമുണ്ടായി. ഇതിനിടെ മറ്റൊരു കഐസ്ആർടിസി ഡ്രൈവർ സാജനും ഗോപാലകൃഷ്ണൻ നായരുടെ ബാഗ് മാറ്റാൻ ശ്രമിച്ചു.
ഇതു സംഘർഷത്തിൽ കലാശിച്ചു. പോലീസ് സ്ഥലത്തെത്തി ബാഗ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിൽ ഒഴിഞ്ഞ ഫ്രൂട്ടിയുടെ ചെറിയ കുപ്പിയിലെ ചാരായവും മറ്റൊരു കുപ്പിയിൽ മോരും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ മദ്യപിക്കുന്ന സ്വഭാവക്കാരനാണ് ഡ്രൈവറെന്നു മനസിലാക്കിയാണ് ഇതര ജീവനക്കാർ ബാഗ് പരിശോധന നടത്തിയതെന്നു പറയുന്നു.
ഡ്രൈവറെ കേസിൽ നിന്നൊഴിവാക്കാൻ രാത്രിയിൽ തന്നെ തീവ്രശ്രമമുണ്ടായെങ്കിലും ഇയാൾ മദ്യപിച്ചിരുന്ന റിപ്പോർട്ടിനേ തുടർന്ന് കർശന നടപടിക്കു ഉദ്യോഗസ്ഥർ നിർദേശം നൽകുകകയായിരുന്നു. സംഭവത്തേ ഗൗരവമായി കാണുമെന്ന് കഐസ്ആർടിസി അധികൃതരും പറഞ്ഞു. രാത്രി സർവീസുകൾക്കെത്തുന്ന ഡ്രൈവർമാരെ നിരീക്ഷിക്കാനും ഡിപ്പോ അധികൃതർക്കു നിർദേശം ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ നിന്നു രാത്രിയിൽ പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, പെരിന്തൽമണ്ണ വഴി വഴിക്കടവിലെത്തി തിരികെ വരുന്ന കഐസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറായിരുന്നു ഗോപാലകൃഷ്ണൻ നായർ. യാത്രക്കാരുടെ തിരക്കേറെയുള്ള സർവീസാണിത്. വ്യാഴാഴ്ച വൈകുന്നേരം ടികെ റോഡിൽ ചുരുളിക്കോട്ട് മറ്റൊരു കഐസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയിരുന്നു.