കടുത്തുരുത്തി: മണ്ണും ചെളിയും എക്കലും നിറഞ്ഞ് ഓടകൾ മൂടിയതോടെ പള്ളി റോഡ് വെളളത്തിനടിയിലായി. ഓടകളിലൂടെയുളള വെളളം ഒഴുക്ക് നിലച്ചതോടെ മഴ പെയ്യുന്ന ദിവസങ്ങളിലെല്ലാം റോഡിൽ വെളളക്കെട്ടാണ്. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും സെന്റ് മൈക്കിൾസ് സ്കൂളിലേക്കും താഴത്തുപള്ളി, വലിയപള്ളി എന്നിവിടങ്ങളിലേക്കും പോകൂന്ന റോഡാണ് വെള്ളത്തിലായത്. റോഡിൽ വെളളം നിറഞ്ഞ് കിടക്കുന്ന സമയത്ത് ഇതുവഴിയുള്ള കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്.
മുട്ടോളം പൊക്കത്തിലാണ് റോഡിൽ വെള്ളം ഉയരുന്നത്. മഴ കഴിഞ്ഞാലും മണിക്കൂറുകൾ കഴിഞ്ഞേ റോഡിലെ വെള്ളമിറങ്ങൂ. സ്കൂളിലേക്ക് പോയി വരുന്ന വിദ്യാർഥികളും ഈ റോഡിലെ കച്ചവടക്കാരും വർഷകാലത്ത് നേരിടുന്ന ദുരിതം കുറച്ചൊന്നുമല്ല. ഈ ഭാഗത്ത് നിന്നുളള വെളളം വലിയതോട്ടിലേക്ക് ഒഴുക്കുന്നതിനായി നിർമിച്ചിട്ടുളള ഓട മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മഴയ്ക്കു മുന്പ് ഇത് നീക്കം ചെയ്യാതിരുന്നതാണ് ഓട അടയാൻ കാരണമായത്. ഓടയിലെ മലിനജലമാണ് ഓട നിറഞ്ഞു റോഡിലേക്ക് ഉയരുന്നത്. ഇതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഭീതിയും രക്ഷിതാക്കൾക്കുണ്ട്. മഴ ശക്തമാകുന്നതോടെ ടൗണിലെ പ്രധാനറോഡ് വെളളത്തിലാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന് രക്ഷിതാക്കളും അധ്യാപകരും വ്യാപാരികളും ആവശ്യപെട്ടു.