കാഷ്മീരില്‍ വര്‍ഷങ്ങളായി പ്രതിഷേധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് യുവാക്കള്‍ ഇപ്പോള്‍ ആ പരിപാടി തത്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. കാഷ്മീരില്‍ തലയില്‍ ടിയര്‍ ഗ്യാസ് ഷെല്‍ തെറിച്ച് കൊല്ലപ്പെട്ട തുഫൈല്‍ അഹമ്മദ് മട്ടൂ എന്ന പതിനേഴുകാരന്റെ രണ്ട് കൂട്ടുകാരാണ് ഇപ്പോള്‍ തെരുവിലെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നത്. 2010ലാണ് മുഹമ്മദ് ഒവൈസ്, സയ്യിദ് ഹുസൈനി എന്നീ ചെറുപ്പക്കാരുടെ സുഹൃത്തായ മട്ടൂ കൊല്ലപ്പെട്ടത്. അത് മൂന്നു പാക് നുഴഞ്ഞുകയറ്റക്കാരെ കൊന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങളുടെ ഭാഗമായിരുന്നു. ജൂണ്‍ 11ന് കൊല്ലപ്പെട്ട മട്ടൂവിന് വേണ്ടി സുഹൃത്തുക്കളായ കാഷ്മീരികള്‍ തെരുവിലിറങ്ങി. തുടര്‍ന്ന് നൂറോളം പേര് കൊല്ലപ്പെട്ടു. എന്നാല്‍, തുഫൈല്‍ കൊല്ലപ്പെട്ട പ്രദേശത്ത് ടിയര്‍ ഗ്യാസ് ഉപയോഗിച്ചിരുന്നില്ല എന്നു പറഞ്ഞ് പോലീസ് കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. കേസ് അങ്ങനെ അവസാനിച്ചു. ഇപ്പോഴും മട്ടൂവിന്റെ കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. പക്ഷേ, മട്ടൂവിന് വേണ്ടി തെരുവിലിറങ്ങിയ അവര്‍ ഇപ്പോള്‍ ‘ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമായ ഒന്നും ചെയ്യാന്‍ പറ്റാതെ’ വിഷാദത്തില്‍ അകപ്പെട്ടും പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രം പകര്‍ത്തിയും കഴിയുന്നു.
അവരിലൊരാളായ മുഹമ്മദ് ഒവൈസ് എന്ന കച്ചവടക്കാരന് ഡോക്ടര്‍ ആകാനായിരുന്നു ആഗ്രഹം. തുഫൈല്‍ കൊല്ലപ്പെട്ട ദിവസം തെരുവിലിറങ്ങിയ ഒവൈസിനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ കടുത്ത പീഡനം നേരിട്ട ഒവൈസ് വിഷാദ രോഗത്തിന് അടിപ്പെട്ടു. അതിനുശേഷം ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒന്നും തന്നെ ചെയ്യാന്‍ പറ്റിയില്ലെന്ന് ഒവൈസ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ”കൊല്ലപ്പെട്ട തുഫൈലിന് നീതി ആവശ്യപ്പെട്ട് അയല്‍ക്കാരും ബന്ധുക്കളുമെല്ലാം തെരുവില്‍ പ്രതിഷേധിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. വീടിനകത്ത് നില്‍ക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് പുറത്തിറങ്ങി. സുരക്ഷാസൈന്യം ഞങ്ങള്‍ക്കുനേരെ നിര്‍ത്താതെ വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ആരോപണങ്ങള്‍ നിഷേധിച്ചു. എനിക്ക് ഡോക്ടര്‍ ആകാനും അച്ഛനെ സഹായിക്കാനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ഞാന്‍ വിഷാദരോഗിയായി.” ഒവൈസ് പറയുന്നു. ഇപ്പോള്‍ പിതാവിന്റെ പലചരക്കുകടയില്‍ സഹായിയായി കഴിയുകയാണ് ഒവൈസ്.
നിലവില്‍ ഫോട്ടോഗ്രാഫറായ സയ്യിദ് ഹുസൈനിയുടെ കഥ വ്യത്യസ്തമാണ്. തെരുവില്‍ കല്ലെറിഞ്ഞു പ്രതിഷേധിച്ചുകൊണ്ടിരുന്ന സയ്യിദ് അതുപേക്ഷിക്കാന്‍ തീരുമാനിച്ചത്, സംഘര്‍ഷം പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാരെ കണ്ട ശേഷമാണ്. ”സമരം റെക്കോര്‍ഡ് ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരെയും പത്രപ്രവര്‍ത്തകരെയും കണ്ടപ്പോഴാണ് ഞാനും അവരെപ്പോലെ കാഷ്്മീരിനെ ഡോക്യുമെന്റ് ചെയ്യാമെന്നും പ്രശ്നത്തിന്റെ തീവ്രത പുറംലോകത്തെ അറിയിക്കാമെന്നും തീരുമാനിക്കുന്നത്.” സയ്യിദ് ഷഹരിയാര്‍ ഹുസൈനി പറയുന്നു. ”കല്ലേറുകാരനില് നിന്ന് ഫോട്ടോഗ്രാഫറായി മാറി ജീവിക്കാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും തെരുവുകള്‍ കാണുമ്പോള്‍ എനിക്ക് വേദനിക്കുന്നുണ്ട്.” 2010ല്‍ നിന്നും ഒരു നല്ല മാറ്റവും കാഷ്മീരിലുണ്ടായിട്ടില്ല. ഒരു പുതിയ തലമുറ സംഘര്ഷത്തിലേര്പ്പെട്ടിരിക്കുന്നു.