എല്ലു പൊടിയുന്ന രോഗത്തെയും ചേരിയിലെ ദുരിത ജീവിതത്തെയും അതിജീവിച്ച പെണ്‍കുട്ടിയ്ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തിളങ്ങുന്ന വിജയം; ആദ്യശ്രമത്തില്‍ തന്നെ 420-ാം റാങ്കില്‍ എത്തിയ ഉമ്മുലിന്റെ സംഭവബഹുലമായ ജീവിതം ഇങ്ങനെ

ummul600എല്ലുകള്‍ അതിവേഗം ഒടിയുന്ന രോഗം ബാധിച്ച പെണ്‍കുട്ടി, പിതാവ് തെരുവില്‍ കച്ചവടം നടത്തുന്ന ആള്‍, ജീവിതമാകട്ടെ ചേരിയിലും. പലവിധ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടെന്തു കാര്യമെന്ന ചിന്തയിലാണ് മാതാപിതാക്കാള്‍ ഉമ്മുലിനോട് എട്ടാം ക്ലാസില്‍ വച്ച് പഠിപ്പു നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പഠനം നിര്‍ത്താന്‍ ആ പെണ്‍കുട്ടിയ്ക്കാവുമായിരുന്നില്ല. ഇന്ന് അവള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 420-ാം റാങ്കുകാരിയാണ്.

ആദ്യ ശ്രമത്തിലാണ് ഈ നേട്ടമെന്നതും ഉമ്മുല്‍ ഖേര്‍ എന്ന മിടുക്കിയുടെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. 28 വയസ്സിനിടെ പതിനാറ് ഒടിവുകളാണ് ഇവളുടെ ശരീരത്തിന് നേരിടേണ്ടി വന്നത്. എട്ട് ശസ്ത്രക്രിയകളും. രാജസ്ഥാന്‍ സ്വദേശിനിയായ ഉമ്മുലിന്റെ ജീവിതം ഒരു പാഠമാണ്. തീര്‍ച്ചയായും മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ട ഒരു പാഠം.അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് ഉമ്മുലും കുടുംബവും രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. വസ്ത്രങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരനായിരുന്നു ഉമ്മുലിന്റെ അച്ഛന്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു അഞ്ചാം ക്ലാസ്സുവരെ ഉമ്മുലിന്റെ പഠനം.തുടര്‍ന്ന് എട്ടാം ക്ലാസ്സുവരെ അമര്‍ജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റിലും. ‘സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനമായിരുന്നതിനാല്‍ ഒന്നിനും പണം അവിടെ പണം അടക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍ വയര്‍ നിറച്ച് കഴിക്കാന്‍ ഭക്ഷണം ലഭിക്കുക എന്നത് അന്നൊക്കെ വലിയൊരു സ്വപ്നമായിരുന്നു’. പഠിക്കാന്‍ സാധിക്കുന്നുണ്ടല്ലോ എന്ന ഒറ്റ പ്രതീക്ഷയായിരുന്നു അവിടെ തുടരാന്‍ പ്രേരിപ്പിച്ചത്.
1

എട്ടാംക്ലാസ്സ് കഴിഞ്ഞപ്പോഴേക്കും അര്‍വാചിന്‍ ഭാരതി ഭവനില്‍ ചേരാനായിരുന്നു ഉമ്മുലിന് താത്പര്യം. സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ചെയ്തു. ‘മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള സ്കൂളായിരുന്നു അത്’ ഉമ്മുല്‍ പറയുന്നു. എന്നാല്‍ മകളെ തുടര്‍വിദ്യാഭ്യാസത്തിന് അയക്കാന്‍ ഉമ്മുലിന്റെ മാതാപിതാക്കള്‍ക്ക് യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിയ്ക്ക്് ഇത്രത്തോളം വിദ്യാഭ്യാസമൊക്കെ മതിയെന്നായിരുന്നു അവരുടെ നിലപാട്.

”തുടര്‍ന്ന് പഠിക്കണമെന്നു ഞാന്‍ പറഞ്ഞതിന്റെ ഉദ്ദേശശുദ്ധിപോലും അവര്‍ ചോദ്യം ചെയ്തു. ഒരുപാട് ചീത്തയും കേള്‍ക്കേണ്ടി വന്നു. ഒരു വശത്ത് എല്ലുകള്‍ പൊട്ടുന്ന രോഗത്തിന്റെ വേദന. മറുവശത്ത് പഠനം നിര്‍ത്തിക്കോളൂ എന്ന മാതാപിതാക്കളുടെ ഉഗ്രശാസന.” ഉമ്മുല്‍ പറയുന്നു.

ഈയൊരു ദുരവസ്ഥയെ മറികടക്കുന്നതിനാണ് ഉമ്മുല്‍ വീടു വിട്ടിറങ്ങിയത്. ത്രിലോക്പുരിയില്‍ തനിയെ താമസം ആരംഭിച്ചു. ജീവിതച്ചെലവിനുള്ള തുക കണ്ടെത്തിയത് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തായിരുന്നു. വൈകുന്നേരം മൂന്നു മണിക്ക് തുടങ്ങുന്ന ട്യൂഷന്‍ അവസാനിച്ചിരുന്നത് രാത്രി 11 മണിക്കായിരുന്നു. ചേരിയില്‍ താമസിക്കുന്ന കുഞ്ഞുങ്ങളായിരുന്നു ട്യൂഷനു വേണ്ടി എത്തിയിരുന്നത്. 50 മുതല്‍ നൂറു രൂപ വരെയാണ് ട്യൂഷന്‍ ഫീ ഇനത്തില്‍  ലഭിച്ചു കൊണ്ടിരുന്നത്. ഒരു പെണ്‍കുട്ടി ഒറ്റക്ക് ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വേറെ. എന്നെ സംബന്ധിച്ചിടത്തോളം സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നതിനെക്കാളും കഷ്ടപ്പാടു നിറഞ്ഞതായിരുന്നു ആ കാലം. ഉമ്മുല്‍ ഒാര്‍ക്കുന്നു.
2
പന്ത്രണ്ടാം ക്ലാസ്സില്‍ 91 ശതമാനം മാര്‍ക്കോടെയാണ് ഉമ്മുല്‍ പാസായത്. പിന്നീട് ഗാര്‍ഗി കോളേജില്‍ ചേര്‍ന്നു. കോളേജിലെ പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്തും ട്യൂഷന്‍ തുടര്‍ന്നു കൊണ്ടുമായിരുന്നു ഉമ്മുല്‍ പഠനം മുന്നോട്ടു കൊണ്ടു പോയത്. 2012 ല്‍ ഒരു അപകടവും ഉമ്മുലിന് നേരിടേണ്ടി വന്നു. അപകടത്തിന്റെ ഭാഗമായി ഒരു വര്‍ഷം വീല്‍ ചെയറില്‍ കഴിയേണ്ടതായും വന്നു. ബിരുദ പഠനത്തിനു ശേഷം ജെഎന്‍യുവിന്റെ പ്രവേശന പരീക്ഷ പാസായ ഉമ്മുല്‍ അവിടെ ഇന്റര്‍നാഷണല്‍ സ്റ്റഡീസിനു ചേര്‍ന്നു. മാസം രണ്ടായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ തുടങ്ങിയതോടെ ട്യൂഷന്‍ എടുക്കല്‍ അവസാനിപ്പിച്ചു. 2013 ല്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ലഭിച്ചതോടെ മാസം 25,000 രൂപ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കാന്‍ തുടങ്ങി. 2016 ലെ ആദ്യത്തെ ശ്രമത്തില്‍ തന്നെ ഉമ്മുല്‍ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയികളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ഭിന്നശേഷിക്കാരുടെ ക്വാട്ട വഴി ഐഎഎസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഉമ്മുല്‍. കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉമ്മുലിന്റെ മറുപടി ഇങ്ങനെ ഞാന്‍ അവരെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ വളര്‍ന്ന സാഹചര്യമാണ് അവരുടെ ചിന്താഗതിയെ പരുവപ്പെടുത്തിയത്. അത് അവരുടെ തെറ്റായി ഞാന്‍ പരിഗണിക്കുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി കുടുംബവും ഞാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്നുണ്ട്. ഞാന്‍ ഉടനെ തന്നെ അവരെ കാണാന്‍ പോകുമെന്നും ഉമ്മുല്‍ പറയുന്നു. ശാരീരിക വൈകല്യത്തെ ആത്മവീര്യത്താല്‍ മറികടന്ന ഉമ്മുലിന്റെ ജീവിതം വളരെ വലിയ സന്ദേശമാണ് ലോകത്തിനു നല്‍കുന്നത്.

Related posts