ന്യൂഡല്‍ഹി: ശത്രുക്കളുടെ വെടിവച്ചു പുകയ്ക്കാന്‍ ഇനി ഇന്ത്യന്‍ വനിതകളും. സ്ത്രീകള്‍ക്കു സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ കരസേന ചരിത്രപരമായ നീക്കത്തിലാണെന്നും രാജ്യാന്തരതലത്തില്‍ അപൂര്‍വമായിട്ടേ കരസേനയില്‍ സ്ത്രീകളെ മുന്‍നിരയിലേക്കു കൊണ്ടുവന്നിട്ടുള്ളൂവെന്നും ബിപിന്‍ റാവത്ത് അറിയിച്ചു.
സ്ത്രീകളെ ജവാന്മാരായി സൈന്യത്തിലേക്കു കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഈ നടപടിയ്ക്ക അധികം കാലതാമസമുണ്ടാവില്ലെന്നും റാവത്ത് വ്യക്തമാക്കി. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകള്‍ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ചശേഷമേ നടപടിയുണ്ടാവൂ എന്നും റാവത്ത് വ്യക്തമാക്കി.
നിലവില്‍ കരസേനയില്‍ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണു സ്ത്രീകള്‍ക്കു പ്രവേശനമുള്ളത്. യുദ്ധമുഖത്തും സൈനിക നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും നിലവില്‍ പുരുഷന്മാര് മാത്രമാണുള്ളത്. ഈ പ്രവണതയ്ക്കു മാറ്റം വരുത്താനാണ് കരസേന തീരുമാനിച്ചിരിക്കുന്നത്്.
ഇന്ത്യയില്‍ ഇതാദ്യമാണെങ്കിലും യുദ്ധമുഖത്ത് സ്ത്രീകള്‍ വരുന്നത് ലോകത്ത് ആദ്യമല്ല. ജര്‍മനി, ഓസ്ട്രേലിയ, കാനഡ, യുഎസ്, ബ്രിട്ടന്, ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണു സ്ത്രീകള്‍ക്കു യുദ്ധമുഖത്തും ഓപ്പറേഷനുകള്‍ക്കും അനുവാദം നല്‍കുന്നത്. ഇതില്‍ ഇസ്രയേല്‍ വനിതകള്‍ പോരാട്ടവീര്യം കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കരസേനാമേധാവിയുടെ ഈ ചരിത്രപരമായ വെളിപ്പെടുത്തല്‍.