എം.സുരേഷ്ബാബു
തിരുവനന്തപുരം: ഐപിഎസ് ലഭിക്കാനും സർവീസിൽ കൂടുതൽ കാലം തുടരാനും വ്യാജരേഖകൾ ചമച്ച് ജനനത്തീയതി തിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പോലീസ് സേനക്ക് പുറത്തേക്ക്. പോലീസ് സർവീസിൽ തുടരവെ സ്വന്തം നേട്ടങ്ങൾക്ക് ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും വ്യാജരേഖകൾ ചമച്ച് ജനനതീയതി തിരുത്തുകയും ചെയ്ത എസ്പി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ച് വിടാനും ക്രിമിനൽ കേസ് എടുക്കാനും ഡിജിപി ഡോ . ടി.പി സെൻകുമാർ ഉത്തരവിട്ടു. പോലീസിന് പുറത്ത് ഒരു സുപ്രധാന വിഭാഗത്തിൽ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് സംസ്ഥാന പോലീസ് മേധാവി കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.
വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്പി. കെ.ജയകുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ച് വിടാൻ ഉത്തരവിട്ടത്. വ്യാജരേഖകൾ ചമച്ച് ജനനത്തീയതി തിരുത്തുകയും പിഎസ് സിയെ കബളിപ്പിക്കുകയും ചെയ്തതുൾപ്പെടെ ക്രിമിനൽക്കേസ് എടുക്കാനുള്ള കുറ്റകൃത്യങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും നേരത്തെ സമർപ്പിച്ചിരുന്നു.
കഴിഞ്ഞ മേയ് 25 ന് ഐപിഎസിന് വേണ്ടി ജനനത്തീയതി തിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കാക്കിക്കുള്ളിലെ കള്ളക്കളി എന്ന തലക്കെട്ടോടെ രാഷ്ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1988 നവംബർ മാസത്തിലാണ് ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ എസ്ഐ ആയി പോലീസ് സേനയിൽ പ്രവേശിച്ചത്. 1982 ലെ പിഎസ് സി നോട്ടിഫിക്കേഷൻ പ്രകാരമായിരുന്നു നിയമനം. 1982 നവംബർ ഒന്നിന് ഇരുപത് വയസ് പൂർത്തിയായിരിക്കണമെന്നും മുപ്പത് വയസ് കവിയാൻ പാടില്ലെന്നുമായിരുന്ന പിഎസ് സി നോട്ടിഫിക്കേഷൻ. മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണമെന്നും പിഎസ് സി നിഷ്കർഷിച്ചിരുന്നു.
1961 മെയ് 31 എന്ന് രേഖപ്പെടുത്തിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജനനതീയതി രേഖയായി പിഎസ് സിക്ക് നൽകിയിരുന്നു. എന്നാൽ സർവീസിൽ പ്രവേശിച്ച് എസ്പി തലം വരെ പ്രമോഷൻ നേടിയ ഈ ഉദ്യോഗസ്ഥൻ ഐപിഎസ് പട്ടികയിൽ ഇടം നേടാനായി 23 വർഷങ്ങൾക്ക് ശേഷം തന്റെ ജനനത്തീയതി വ്യാജരേഖകൾ ചമച്ച് തിരുത്തിയതാണ് പുലിവാലായത്. 1961 മെയ് 31 എന്ന് ആദ്യത്തെ ജനനത്തീയതിയല്ല തന്റെ യഥാർഥ ജനനത്തിയതിയെന്നും 1962 ജനുവരി 27 ആണ് തന്റെ യഥാർഥ ജനനത്തീയതിയെന്നും കാട്ടി വ്യാജരേഖകൾ ചമച്ച് ഇദ്ദേഹം ജനനതീയതി തിരുത്തി.
ഇതിനെതിരെ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ക്വുക്ക് വെരിഫിക്കേഷൻ നടത്തിയ വിജിലൻസ് പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പുതിയ ജനനതീയതി അനുസരിച്ചാണെങ്കിൽ ഇദ്ദേഹം സർവീസിൽ പ്രവേശിച്ചത് 19-മത്തെ വയസിലാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. പിഎസ് സിയെയും സർക്കാരിനെയും കബളിപ്പിക്കുകയും പൊതുഖജനാവിൽ നിന്നും ശന്പളം കൈപ്പറ്റുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് കാട്ടിയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന പോലീസ് മേധാവിക്കും വിജിലൻസ് എസ്പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.